കഴക്കൂട്ടം: ആളില്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. ഇരുപത് പവനും പതിനയ്യായിരം രൂപയും മോഷണം പോയി. കഴക്കൂട്ടം മേനംകുളം വാടിയിൽ റോഡിൽ കാർത്തികയിൽ സന്തോഷ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. സന്തോഷിന്റെ മകൾ ശ്രുതിക്ക് ഞായറായഴ്ച രാത്രി ചാക്ക ബൈപാസിൽ വെച്ചുണ്ടായ മോട്ടോർ സൈക്കിൾ അപകടത്തിൽ കാലിന് പരിക്കേറ്റിരുന്നു. അതിനെത്തുടർന്ന് പേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നു. ഈ തക്കത്തിനാണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. അടുത്ത വീട്ടുകാർ പുലർച്ചെ ലൈറ്റ് അണക്കുന്നതിനായി വന്നപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു. കുട്ടികൾ ഉപയോഗിക്കുന്ന തരം ഫാൻസി കമ്മലുകൾ ഉൾപ്പെടെ വാതിലിനു പുറത്തു കിടക്കുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് എസ് ഐ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നതായി സ്ഥിധീകരിച്ചത്. ആയുധം ഉപയോഗിച്ച് വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രൂപയുമാണ് കവർന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവെടുപ്പ് നടത്തി.
മേനംകുളത്ത് വീടിന്റെ വാതിൽ കുത്തി തുറന്നു മോഷണം





0 Comments