കഴക്കൂട്ടം: കഴക്കൂട്ടത്തെ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് 1.16 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ കഴക്കൂട്ടം പോലീസിന്റെ പിടിയിലായി. ചന്തവിള നൗഫൽ മൻസിലിൽ അപ്പൂസ് എന്ന് വിളിക്കുന്ന റഹീസ് ഖാൻ (24), പേട്ട, വള്ളക്കടവ് മണ്ഡപത്തിനു സമീപം ഖദീജ ഭവനിൽ ഷാരൂഖ് ഖാൻ (22) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാൻ, നേമത്ത് മൊട്ടമൂട് കുളത്തിനു സമീപം ആനന്ദ് ഹൌസിൽ വാടകയ്ക്കാണ് താമസം. സമീപത്തെ ഒരു സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നു പ്രതികളെക്കുറിച്ചു വിവരം ലഭിക്കുകയും തുടർന്നു സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. ദേശീയ പാതയോടു ചേർന്ന് അൽസാജ് കൺവെൻഷൻ സെന്ററിന് സമീപത്തുള്ള ബിസ്മി ബിൽഡിംങ്ങിന്റെ ഒന്നാം നിലയിലാണ് ഇൻഷ്വറൻസ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാവിലെ 9:30ന് ഓഫീസ് ജീവനക്കാർ എത്തിയപ്പോൾ മുൻവശത്തെ ഡോർ കുത്തിത്തുറന്ന നിലയിൽ കാണപ്പെടുകയായിരുന്നു. വാതിലിന്റെ പൂട്ട് തകർത്ത് ഓഫീസിന്റെ അകത്തു കയറി മുറിയിലെ അലമാര കുത്തിത്തുറന്ന് പണം സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് ബോക്സ് പ്രതികൾ ബൈക്കിൽ കടത്തി കൊണ്ട് പോവുകയായിരുന്നു. ഇൻഷ്വറൻസ് കമ്പനിയിൽ ഒരു കാറിന്റെ ഇൻഷുറൻസ് തുക അടയ്ക്കാൻ എന്ന വ്യാജേന എത്തി നീരിക്ഷണം നടത്തിയ ശേഷമാണ് പ്രതികൾ കൃത്യം നടത്തിയത്. ചെസ്റ്റ് ബോക്സ് കട്ടർ കൊണ്ട് മുറിച്ച് മാറ്റിയ രീതിയിലും മോഷണം നടത്തിയ 1,16,000 രൂപയും പോലീസ് കണ്ടെടുത്തു. സമീപത്തെ രണ്ട് സി.സി ടി.വി ക്യാമറകൾക്കു കേടു വരുത്തിയിട്ടാണ് പ്രതികൾ മോഷണം നടത്തിയത്. റഹീസ് ഖാൻ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.അൻവറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാജി, വിജയകുമാർ, അസ്സി.സബ് ഇൻസ്പെക്ടർ ജസ്റ്റിൻ മോസസ്, സി.പി.ഒമാരായ പ്രസാദ്, നിസാം, സിറ്റി ഷാഡോ അംഗങ്ങളായ വിനോദ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ





0 Comments