കടയ്ക്കാവൂർ: നിലയ്ക്കാമുക്കിലെ റേഷൻ കടയിൽ നിന്നും അരിയും ഗോതമ്പും കടത്തി കൊണ്ടു പോയി കരിഞ്ചന്തയിൽ വിൽപന നടത്തവെ ജനങ്ങൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൂഴ്ത്തി വച്ച അരിയും, ഗോതമ്പും മണ്ണെണ്ണയൊഴിച്ച് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ അറസ്റ്റു ചെയ്തു. കടയ്ക്കാവൂർ, നിലയ്ക്കാമുക്ക് പള്ളിമുക്ക് ഖയാസ് മൻസിലിൽ ഖയാസ് (29) ആണ് കടയ്ക്കാവൂർ പോലീസിൻ്റെ പിടിയിലായത്. ഒന്നാം പ്രതി സുധീർ ഒളിവിലാണ്. സുധീറും ഖയാസും ചേർന്നാണ് അരിയും ഗോതമ്പും കടത്തിക്കൊണ്ട് പോയത്. ഖയാസിന്റെ സഹോദരിയുടെ പേരിലുള്ള കെ.എൽ-16- ഇ-8262 എന്ന സ്വിഫ്റ്റ് കാറിൽ നിലയ്ക്കാമുക്കിലെ റേഷൻ കടയിൽ നിന്നാണ് കടത്തിയത്. 4 ചാക്ക് റേഷൻ സാധനങ്ങൾ കടത്തി കൊണ്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ അരി കടത്തലിന്റെയും കരിഞ്ചന്തയുടെയും ചുരുളഴിയുന്നത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലോക്ഡൗൺ കാലയളവിൽ പൊതുജനത്തിന് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച അരിയും ഗോതമ്പുമാണ് ഇവർ കടത്തിക്കൊണ്ട് പോയത്. കടത്തിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനവുമായാണ് പോലീസ് ഖയാസിനെ പിടികൂടിയത്. കൂടുതൽ അന്വഷണം നടത്തി വരികയാണെന്നും പ്രതി ഖയാസിന്റെ കുറ്റസമ്മത മൊഴിയിൽ നിന്നും ബാക്കി പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ലോക് ഡൗൺ കാലത്ത് കവലയൂർ നിന്ന് 2 ലക്ഷം രൂപയുടെ പഴകിയ മത്സ്യം പിടികൂടിയ കടയ്ക്കാവൂർ പോലീസ് തൊട്ടടുത്ത ദിവസമാണ് റേഷനരി കടത്ത് കണ്ടെത്തുന്നതും പ്രതിയെ പിടികൂടുന്നതും. പഴകിയ മീൻ പിടിച്ച സംഭവം സംസ്ഥാനത്ത് ചർച്ച ആയതിനെ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആഴ്ച വ്യാപകമായി റെയ്ഡുകളും പിടിച്ചെടുക്കലുകളും നടന്നിരുന്നു. റേഷൻ വിതരണം സുതാര്യവും, പൂർണമായും ബയോമെട്രിക് സംവിധാനം വഴി ആക്കിയിട്ടും വ്യാപകമായി അഴിമതിയും പൂഴ്ത്തി വയ്പും കരിഞ്ചന്തയും നടക്കുന്നുണ്ട്. ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കടയ്ക്കാവൂർ സി.ഐ ശിവകുമാറിന്റെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ എസ്.ഐ.വിനോദ് വിക്രമാദിത്യൻ, എസ്.ഐ.മാഹീൻ, ഡീൻ, ഷിബു, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
റേഷനരി കടത്തി കത്തിച്ച സംഭവം: രണ്ടാം പ്രതി പിടിയിൽ





0 Comments