തിരുവനന്തപുരം: സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയിൽ നിന്നും പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്നാരോപിച്ച് നെയ്യാറ്റിൻകര നഗരസഭയിലെ സി.പി.എം. കൗൺസിലർക്കും ഭാര്യയ്ക്കുമെതിരെ പരാതി. തവരവിള വാർഡ് കൗൺസിലർ സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് പരാതി.
78 വയസ്സുള്ള ബേബി മാരായമുട്ടം പൊലീസ് പരിധിയിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ബേബിയെന്ന വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. 2021 ഫെബ്രുവരിയിലാണ് കുടുബാംഗങ്ങളുമായി വയോധികക്കൊപ്പം സുജിൻ താമസം തുടങ്ങിയത്. സുജിന്‍റെ ഭാര്യ ഗീതു, ബേബിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും കമ്മലും വളയുമെല്ലാം ഉപയോഗിച്ചിരുന്നു. പീന്നീട് ഇതിൽ പലതും പണയം വെയ്ക്കുകയും വിൽക്കുകയും ചെയ്തു. ഒരു ദിവസം പെട്ടെന്ന് ആശുപത്രിയിൽ പോകുവാണെന്ന് പറഞ്ഞ് എല്ലാവരും പോയെന്നും പീന്നീട് തിരിച്ചെത്തിയില്ലെന്നും ബേബി പറയുന്നു.
സൗഹൃദത്തിന്‍റെ മറവിൽ തന്ത്രപരമായി നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിൽ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിൻ എഴുതി മാറ്റിയെന്നും, കൂടെ താമസിക്കുന്നതിനിടയിൽ പല തവണയായി 2 ലക്ഷം രൂപയും സുജിനും ഗീതുവും ചേർന്ന് കൈക്കലാക്കിയെന്നും വയോധിക ആരോപിച്ചു. പലതവണ സ്വർണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനൽകിയില്ല. നെയ്യാറ്റിൻകര നഗരസഭാ ചെയർമാനെ കണ്ട് പരാതി കൊടുത്തു. ചെയർമാൻ ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും സുജിൻ വഴങ്ങിയില്ല. പരാതി, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒത്തുതീർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബേബി പറഞ്ഞു.
എന്നാൽ ഇതിനെതിരെ പ്രതികരിച്ച് സുജിൻ രംഗത്തെത്തിയിരുന്നു. വയോധികയിൽ നിന്നും ഒരു നുള്ള് സ്വർണം പോലും താനോ കുടുംബമോ എടുത്തിട്ടില്ല. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് കൗൺസിലർ സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് പരാതി.





0 Comments