/uploads/news/1689-IMG_20200415_203826.jpg
Crime

വാഹന പരിശോധനക്കിടയിൽ ഹോം ഗാർഡിനെ മോട്ടോർ സൈക്കിൾ ഇടിച്ചു തെറിപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ


കഴക്കൂട്ടം: വാഹന പരിശോധനക്കിടയിൽ പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും ഹോം ഗാർഡിനെ മോട്ടോർ സൈക്കിൾ ഇടിച്ചു തെറിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. അപകടത്തിൽ ഹോം ഗാർഡിനും വാഹനം ഇടിച്ചു തെറിപ്പിച്ച മോഷ്ടാവിനും പരിക്കേറ്റു. മെഡിക്കൽ കോളേജ്, ഈന്തിവിളയിൽ ബാഹുലേയൻ (56) ആണ് മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി പിടിയിലായത്. ഇന്നലെ (ബുധൻ) പുലർച്ചെ പൗണ്ട് കടവിന് സമീപമാണ് സംഭവം. പോലീസ് പിക്കറ്റിനിടയിൽ അതു വഴി വന്ന മോട്ടോർ സൈക്കിളിന് പോലീസ് കൈകാണിച്ചു. എന്നാൽ യാത്രികൻ വാഹനം നിർത്താതെ അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. തുടർന്നു നിർത്താതെ പോയ മോട്ടോർ സൈക്കിളിനെ പിന്തുടർന്ന് വേളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വയർലെസ്സിലൂടെ വിളിച്ചു പറഞ്ഞു. വേളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് പാർത്ഥിവൻ (60) വാഹനം നിർത്താനായി കൈകാണിക്കുമ്പോൾ പാർഥിവനെ ഇടിച്ചു തെറ്റിപ്പിച്ച ശേഷം മോട്ടോർ സൈക്കിൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ ഹോംഗാർഡ് പാർഥിവന് തലക്കു ആഴത്തിലുള്ള മുറിവും കൈക്കു പൊട്ടലുമുണ്ട്. ബാഹുലേയനും അപകടത്തിൽ പരിക്കേറ്റു. ഉടൻ തന്നെ പരിക്കേറ്റ ഹോംഗാർഡ് പാർഥിവനെയും, ബാഹുലേയനെയും പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഈ സമയം ഇയാൾ തങ്ങൾ അന്വേഷിക്കുന്ന മോഷ്ടാവ് ആണെന്ന് പോലീസ് അറിഞ്ഞിരുന്നില്ല. വിവരങ്ങൾ ശേഖരിക്കുമ്പോൾ ബാഹുലേയൻ പരസ്പര വിരുദ്ധമായ വിവരങ്ങൾ നൽകിയതോടെയാണ് പോലീസിനു സംശയം തോന്നിയത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ബാഹുലേയൻ്റെ ചിത്രവും വിവരങ്ങളുമായി പരിശോധിച്ചപ്പോഴാണ് തങ്ങൾ തിരയുന്ന മോഷ്ടാവാണ് അതെന്ന് മനസ്സിലായത്. അപകടത്തിൽപെട്ട മോട്ടോർ സൈക്കിളും മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണം ഭവന ഭേദനം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസ്സുകളിൽ പ്രതിയാണെന്ന് തുമ്പ പോലീസ് പറഞ്ഞു. തുമ്പ സ്റ്റേഷൻ പരിധിയിൽ നടന്ന ഭവന ഭേദന കേസ്സുകളിൽ പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. പരിക്കേറ്റ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും വിട്ടയക്കുന്നതോടെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.:

വാഹന പരിശോധനക്കിടയിൽ ഹോം ഗാർഡിനെ മോട്ടോർ സൈക്കിൾ ഇടിച്ചു തെറിപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0 Comments

Leave a comment