കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപത്ത് അപരിചിതൻ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം. തല്ലു കിട്ടിയപ്പോൾ ബധിരനും മൂകനുമായി അഭിനയിച്ചു. അവസാനം നല്ല മലയാളത്തിൽ തെറി വിളിയും അശ്ലീല പ്രവൃത്തികളും കൊല്ലുമെന്ന ഭീഷണിയും. ഒടുവിൽ നാട്ടുകാർ പിടി കൂടി പോലീസിൽ എൽപ്പിച്ചു. ഇന്ന് രാവിലെ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു പുറകു വശത്തെ ഒരു വീട്ടിലാണ് സംഭവം. ഇന്നു രാവിലെ വീട്ടമ്മ പാൽ വാങ്ങാനായി പുറത്തിറങ്ങി ഗേറ്റിനു വെളിയിൽ പാൽപാത്രവും വെച്ചു മടങ്ങി വരുമ്പോൾ വീടിനു പുറത്ത് അപരിചിതനായ ഒരാൾ നിൽക്കുന്നു. എങ്ങനെ ഇവിടെ എത്തിയെന്നു ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. വീട്ടമ്മ അകത്തു കയറി സിറ്റൗട്ടിലെ ഗ്രിൽ അടച്ച ചെയ്ത ശേഷം വീട്ടിനുള്ളിലേക്കു കയറി. ഉടനെ അയാൾ പുറത്തു നിന്നും സിറ്റൗട്ടിലെ ഗ്രില്ലിന്റെ പൂട്ടെടുത്തു അകത്തു കയറി. ഭയന്നു പോയ വീട്ടമ്മ കതകടച്ചു കുറ്റിയിട്ടു. ഇയാൾ കതകിനു മുട്ടുകയും ചെയ്തു. തുടർന്ന് വീട്ടമ്മ അടുത്ത വീട്ടിലുള്ളവരെ ഫോണിൽ വിളിക്കുകയും ചെയ്തു. ഇതിനിടെ പുറത്തു വന്ന വിദ്യാർത്ഥിയായ മകനെ വീട്ടിൽ നിന്നും കിട്ടിയ വടിയെടുത്ത് അടിക്കുകയും മുഖത്ത് നഖം കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തതായി വീട്ടമ്മ പറഞ്ഞു. ആക്രമണമേറ്റ മകൻ അക്രമിയെ തിരിച്ച് അടിക്കുകയും കീഴ്പ്പെടുത്തി വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ അടുത്ത വീടുകാർ എത്തിയപ്പോൾ തറയിൽ അവശനായി കിടക്കുകയും ആംഗ്യത്തിലൂടെ വെള്ളം ചോദിക്കുകയും ചെയ്തു. ഇതിനിടെ വീട്ടമ്മ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. വെള്ളം കുടിച്ച ശേഷം എഴുന്നേറ്റ് രക്ഷപ്പെട്ട് പോകാൻ ശ്രമിച്ച ഇയാളെ 2 പേർ തടഞ്ഞു നിർത്തി. തുടർന്ന് ഇയാൾ രക്ഷപ്പെടാൻ മതിലു ചാടി അടുത്ത വീട്ടിലെത്തിയപ്പോൾ അവിടത്തെ വീട്ടുകാർ പിടിക്കുകയും ചെയ്തു. പിന്നീട് വീണ്ടും സംസാരശേഷിയില്ലാത്ത ആളാണെന്ന് അഭിനയിക്കുകയും ചെയ്തു. രക്ഷയില്ലെന്നു കണ്ടപ്പോൾ കൂടി നിന്നവരെ ഞെട്ടിച്ചു കൊണ്ട് നല്ല മലയാളത്തിൽ തന്നെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും അവിടെ നിന്ന സ്ത്രീകളടക്കമുള്ളവരുടെ മുൻപിൽ വെച്ച് അശ്ലീല പ്രവൃത്തികൾ കാണിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ എറണാകുളത്തുള്ളതാണെന്നും വെള്ളം കുടിക്കാൻ കയറിയതാണെന്നും പറഞ്ഞു. കൂടെ മാനസിക രോഗിയാണെന്നും, സ്ത്രീകളെ കാണുമ്പോൾ മോശമായി പെരുമാറുമെന്നും അതിന് ചികിത്സയിലാണെന്നും പറഞ്ഞു. കൂടാതെ തന്നെ അടിച്ച വിദ്യാർത്ഥിയെ കൊല്ലുമെന്നും ഭീഷണി മുഴക്കി. തുടർന്ന് പോലീസ് കൊണ്ടു പോയി.
വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം. തല്ലു കിട്ടിയപ്പോൾ ബധിരനും മൂകനുമായി അഭിനയിച്ചു





0 Comments