കഴക്കൂട്ടം: സ്കൂളിൽ ഇൻഷർട്ട് ചെയ്ത് വന്നതിന് സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺകാരനെ മർദ്ദിച്ചു. നെടുവേലി ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ സുഹൈലിനെയാണ് സീനിയർ വിദ്യാർത്ഥികൾ ഹോക്കി സ്റ്റിക്കും മറ്റുമുപയോഗിച്ച് മർദ്ദിച്ചത്. സ്ക്കൂൾ സെക്യൂരിറ്റി നോക്കി നിൽക്കെയാണ് മർദ്ദനം നടന്നത്. സ്കൂളിൽ ഇൻ ഷർട്ട് ചെയ്ത് വന്ന സുഹൈലിനോട് ഷർട്ട് പുറത്തിടാൻ സീനിയർ വിദ്യാർത്ഥികൾ വളഞ്ഞ് വച്ച് നിർബന്ധിച്ചു. എന്നാൽ സുഹൈൽ നിരസിച്ചപ്പോൾ മർദ്ദിക്കുകയുമായിരുന്നു. പിന്നീട് ക്ലാസ് വിട്ടപ്പോഴും തടഞ്ഞ് വച്ച് മർദ്ദിച്ചു. ഹോക്കി സ്റ്റിക്കും മറ്റുമുപയോഗിച്ചായിരുന്നു ആക്രമണം. വീട്ടിലെത്തി രക്ഷകർത്താക്കളോടു വിവരം പറയുകയും ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ കാണിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്കൂളിൽ പോയ സുഹൈൽ സ്കൂളിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് സ്കൂളിലെ അധ്യാപകർ കന്യാകുളങ്ങര ഗവ: ആശുപത്രിയിൽ കൊണ്ട് പോയി. ഇപ്പോൾ സുഹൈൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷകർത്താക്കൾ സ്ക്കൂളധികാരികൾക്കും വട്ടപ്പാറ പോലീസിലും പരാതി നൽകി. ആക്രമണത്തിലേർപ്പെട്ട 5 വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും താൽക്കാലികമായി സസ്പെന്റ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. ഉടൻ തന്നെ പി.ടി.എ മീറ്റിംഗ് കൂടി അടുത്ത നടപടി ആലോചിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൾ അനിത അറിയിച്ചു. സ്കൂൾ അധികൃതർ പരാതി നൽകിയാൽ റാഗിംഗിന് കേസെടുക്കുമെന്ന് വട്ടപ്പാറ പോലീസ് അറിയിച്ചു.
സ്കൂളിൽ ഇൻസർട്ട് ചെയ്ത് വന്നതിന് പ്ലസ് വൺകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു





0 Comments