കഴക്കൂട്ടം: തത്സമയ അന്തരീക്ഷ വായു ഗുണനിലവാര പരിശോധനാ നിലയം കാര്യവട്ടത്ത് പ്രവർത്തനമാരംഭിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ സ്ഥാപിച്ച തത്സമയ അന്തരീക്ഷ വായു ഗുണനിലവാര പരിശോധനാ നിലയം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായു മലിനീകരണത്തിന്റെ തോത് തത്സമയം തന്നെ അളക്കുന്നതിനും മലിനീകരണത്തിന് അനുസൃതമായി പൊതുജനങ്ങൾക്ക് നിയന്ത്രണ നടപടികൾ എടുക്കുന്നതിനുള്ള മുന്നറിയിപ്പുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് തത്സമയ അന്തരീക്ഷ വായു ഗുണനിലവാര പരിശോധനാ നിലയം സ്ഥാപിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ശുദ്ധ വായു ലഭിക്കുന്ന സംസ്ഥാനം കേരളം ആണെന്നും പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കേരളത്തിലെ ജനങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുവാൻ കൂടുതൽ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: വി.പി മഹാദേവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ലതാ കുമാരി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. കെ.പി.സുധീർ, മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എസ്.ശ്രീകല എന്നിവർ സംസാരിച്ചു. ഇരുപത്തിനാല് മണിക്കൂറും വായു നിലവാരം പരിശോധിക്കുന്ന കേന്ദ്രത്തോടൊപ്പം വിവിധ മാലിന്യ ഘടകങ്ങളുടെ തോത് പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഡിസ്പ്ലേ ബോർഡും കാമ്പസിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
തത്സമയ അന്തരീക്ഷ വായു ഗുണനിലവാര പരിശോധനാ നിലയം കാര്യവട്ടത്ത് പ്രവർത്തനമാരംഭിച്ചു





0 Comments