കഴക്കൂട്ടം: ദൃശ്യവിസ്മയത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകൾ കൊണ്ട് കാണികളുടെ മനം കവർന്ന ഭിന്നശേഷിക്കുട്ടികളുടെ സഹയാത്ര ഓൺലൈൻ കലാവിരുന്ന് ലോക ഭിന്നശേഷി ദിനമായ വെള്ളിയാഴ്ച വീണ്ടും സംപ്രേഷണം ചെയ്യുന്നു. പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന മൂലമാണ് സഹയാത്ര വീണ്ടും സംപ്രേഷണം ചെയ്യുന്നത്. ഇന്ദ്രജാലം, ക്ലാസിക്കൽ നൃത്തരൂപങ്ങൾ, ഫ്യൂഷൻ ഡാൻസ്, കവിത ദൃശ്യാവിഷ്കാരം, ഇരുപത്തിയഞ്ചോളം സംഗീത ഉപകരണങ്ങൾ ചേർന്നുള്ള ഫ്യൂഷൻ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, മിമിക്രി, സംഗീത വിരുന്ന്, മാർഷ്യൽ ആർട്സ്, പഞ്ചവാദ്യം തുടങ്ങി നിരവധി കലാവിരുന്നുകൾ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകളും ശബ്ദ-പ്രകാശത്തിന്റെ നൂതന സാധ്യതകളും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാണ് സഹയാത്ര പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. രാത്രി 7 മണി മുതൽ 9 വരെ ഡിഫറന്റ് ആർട് സെന്ററിന്റെ യൂട്യൂബ് ചാനലിലൂടെയും മുതുകാടിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും പരിപാടി കാണാനാവും. പരിമിതരെന്ന് മുദ്രകുത്തി സമൂഹത്തിൽ മാറ്റനിർത്തേണ്ടവരല്ല ഞങ്ങളെന്നും എല്ലാവരെയും പോലെ തുല്യമായ സ്ഥാനമുണ്ടെന്നും സമൂഹത്തെ ഓർമപ്പെടുത്താൻ സംസ്ഥാനത്തെ ഒരുകൂട്ടം ഭിന്നശേഷിക്കുട്ടികൾ ഒരുക്കിയ കലാവിരുന്നാണ് സഹയാത്ര. ചന്തവിള, മാജിക് പ്ലാനറ്റിൽ, ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളും ചേർന്നൊരുക്കിയ 2 മണിക്കൂർ നീളുന്ന കലാവിരുന്ന് ഒക്ടോബർ 2 നാണ് സംപ്രേഷണം ചെയ്തത്. ലോകമെമ്പാടുമുള്ള മൂവായിരത്തോളം പേരാണ് അന്ന് സഹയാത്രയുടെ കാഴ്ചക്കാരായത്. ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷി മേഖലയ്ക്കുള്ള സമർപ്പണമായി വീണ്ടും എത്തുകയാണ് സഹയാത്ര. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഓട്ടിസം, സെറിബ്രൽ പൾസി, വിഷാദ രോഗം, ഹൈപ്പർ ആക്ടിവിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി, കാഴ്ച-കേൾവി പരിമിതർ, ഒസ്റ്റോ ജെനിസിസ് ഇംപെർഫെക്ട് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഭിന്നശേഷിക്കുട്ടികളാണ് പരിമിതികളെ തോൽപ്പിച്ച അത്യുഗ്രൻ കലാവിരുന്നൊരുക്കിയത്. കെ.കെ.ശൈലജ ടീച്ചർ, മോഹൻലാൽ, കെ.എസ്.ചിത്ര, മഞ്ജുവാര്യർ, ജി.വേണുഗോപാൽ, മഞ്ജരി, മുരുകൻ കാട്ടാക്കട, ഭിന്നശേഷി മേഖലയിൽ നിന്നും പ്രശസ്തരായ ധന്യാരവി, സ്വപ്ന അഗസ്റ്റിൻ, നൂർ ജലീല, ആദിത്യാ സുരേഷ് എന്നിവർ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം സഹയാത്രയുടെ ഭാഗമാകുന്നുണ്ട്. പരിപാടിയുടെ സംവിധാനം ചലച്ചിത്ര സംവിധായകനായ പ്രജേഷ് സെന്നും ആശയം, ആവിഷ്കാരം എന്നിവ നിർവഹിച്ചിരിക്കുന്നത് ഗോപിനാഥ് മുതുകാടുമാണ്.
ഭിന്നശേഷിക്കുട്ടികള്‍ മാറ്റുരച്ച അത്ഭുത പ്രകടനങ്ങളുമായി സഹയാത്ര യൂട്യൂബിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിൽ





0 Comments