പോത്തൻകോട്: മതാതീത ആത്മീയതയുടെ ചൈതന്യം നിറഞ്ഞുനിന്ന ഉത്സവാന്തരീക്ഷത്തിൽ ശാന്തിഗിരി 'പ്രണവപത്മം' പുരസ്കാരം നടൻ മോഹൻലാലിനു സമ്മാനിച്ചു. പുരസ്ക്കാര ശില്പം നേപ്പാൾ മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാലിൽ നിന്നും മോഹൻലാൽ ഏറ്റുവാങ്ങി. ഇടയ്ക്കയും സോപാന സംഗീതവും തീർത്ത മാസ്മര പ്രകമ്പനത്തോടൊപ്പം ജനസഹസ്രങ്ങളുടെ ഹർഷാരവവും കൂടി കലർന്നപ്പോൾ ശാന്തിഗിരി മുറ്റം വിസ്മയ മോഹനമായി. ഗുരുവിന്റെ ഹൃദയ ഭാഷ ലയിച്ച ഈ പുരസ്ക്കാരം വാങ്ങുമ്പോൾ എന്റെ ശിരസ് ഗുരുവിന്റെ മുന്നിൽ നമിക്കുകയാണെന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ പറഞ്ഞു. മഹിമ നിറഞ്ഞു നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ ഒരു പുരസ്ക്കാരം വാങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നതായും മോഹൻലാൽ പറഞ്ഞു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കെ.കെ.ഷൈലജ, ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ സി.ദിവാകരൻ, അടൂർ പ്രകാശ്, കുമ്മനം രാജശേഖരൻ, മുൻ എം.എൽ.എ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ആനാവൂർ നാഗപ്പൻ, നെയ്യാറ്റിൻകര സനൽ, ഗോകുലം ഗോപാലൻ, വിജിതമ്പി, കെ.മധുപാൽ, ലോകനാഥ് ബെഹ്റ, തുടങ്ങി ആയിരങ്ങൾ ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. വെള്ള വസ്ത്രമണിഞ്ഞ മാലാഖകളെപോലുള്ള അൻപതിലധികം കുട്ടികൾ താമരപുഷ്പം നൽകി മോഹൻലാലിനെ സ്വീകരിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം സദസ്സിനെ ഏറെ ആകർഷിച്ചു.
ശാന്തിഗിരി പ്രണവപത്മം പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍.





0 Comments