തിരുവനന്തപുരം: എം.എ.നിഷാദ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ തെളിവിന്റെ ഓഡിയോ പ്രകാശനം നടന്നു. ചാക്ക മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന ചടങ്ങിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് തെളിവിന്റെ ഓഡിയോ സി.ഡി റിലീസ് ചെയ്തു. എം.എ.നിഷാദ്, നിര്മ്മാതാവ് പ്രേംകുമാർ, തിരക്കഥാകൃത്ത് ചെറിയാൻ കല്പ്പകവാടി, ഗാനരചയിതാവ് പ്രഭാ വർമ്മ, നടൻ മണിയൻപിള്ള രാജു, സംഗീത സംവിധായകൻ കല്ലറ ഗോപൻ, ഗായിക വർഷ ഹരിദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തെളിവിലെ നായികയായ ആശാ ശരത്തിന്റെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ മലയാള സിനിമയിൽ നിരവധിയാണെന്ന് ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ എം.എ.നിഷാദിന്റെ പിതാവ് മൊയ്തീൻ കുട്ടിയുമായും, ചിത്രത്തിലെ പുതുമുഖ അഭിനേതാവ് മൊഹസിൻ യാസിന്റെ പിതാവ് മുഹമ്മദ് യാസിനുമായും തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്കാ കാര്യം അദ്ദേഹം അനുസ്മരിച്ചു. കുറ്റാന്വേഷണത്തിന്റെ ഉദ്വേഗ ജനകമായ വഴികളിലൂടെ കടന്നു പോകുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന്റെ സവിശേഷതയാണെന്ന് സംവിധായകൻ എം.എ.നിഷാദ് പറഞ്ഞു. എം.ജയചന്ദ്രനാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. നെടുമുടി വേണുവിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഒരു നാടൻപാട്ട് ഉൾപ്പെടെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഇഥിക പ്രൊഡക്ഷന്സിന്റെ ബാനറിൽ ഒക്റ്റോബർ 18ന് തിയറ്ററുകളിലെത്തുന്ന തെളിവിൽ ലാൽ, ആശാ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തിൽ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളും സിനിമയിൽ പ്രമേയമാകുന്നുണ്ട്. നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും ശ്രീകുമാർ നായർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
എം.എ.നിഷാദിന്‍റെ സസ്പെന്‍സ് ത്രില്ലര്‍ തെളിവ്. ഓഡിയോ റിലീസ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് നിര്‍വഹിച്ചു





0 Comments