/uploads/news/news_കൈതപ്രത്തെ_ഞെട്ടിച്ച്_ദേവസഭാതലം_പാടി_ഡിഫ..._1704118835_8891.jpg
Events

കൈതപ്രത്തെ ഞെട്ടിച്ച് ദേവസഭാതലം പാടി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍


കഴക്കൂട്ടം, തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് കാഴ്ച പരിമിതനായ ശ്രീകാന്തും ബൗദ്ധിക പരിമിതനായ രാഹുലും ദേവസഭാതലം എന്ന ഏറ്റവും പ്രയാസമേറിയ ഗാനം ആലപിച്ച് കൈതപ്രമടങ്ങുന്ന സംഗീത പ്രതിഭകളെ ഞെട്ടിച്ചത്. ഗാനത്തിനൊടുവില്‍ കൈതപ്രവും പിന്നണി ഗായകരായ അരുന്ധതി, ഭാവനാ രാധാകൃഷ്ണന്‍, കെ.കെ.നിഷാദ് എന്നിവര്‍ എഴുന്നേറ്റ് നിന്ന് തങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. 

സ്വര്‍ഗീയമായ സംഗീതാസ്വാദനം ലഭിച്ചത് ഇവിടെ നിന്നാണെന്നും ഇവിടെ താരങ്ങള്‍ ഭിന്നശേഷിക്കുട്ടികളാണെന്നും അവരെയാണ് ആരാധിക്കേണ്ടതെന്നും കൈതപ്രം പറഞ്ഞു. കൂടാതെ കുട്ടികള്‍ക്കായി അദ്ദേഹം തത്സമയം എഴുതിയ മക്കളേ... പൊന്നുമക്കളേ എന്ന ഗാനം കെ.കെ നിഷാദ് മോഹന രാഗത്തില്‍ അപ്പോള്‍ തന്നെ ചിട്ടപ്പെടുത്തി ആലപിച്ചത് കാണികള്‍ക്ക് സംഗീത വിരുന്നായി മാറി. 

തുടര്‍ന്ന് ഭാവനാ രാധാകൃഷ്ണനും അരുന്ധതിയും കെ.കെ.നിഷാദും വിവിധ ഗാനങ്ങള്‍ കൊണ്ട് കുട്ടികള്‍ക്കായി സംഗീത സമര്‍പ്പണമൊരുക്കി. ഡിഫറന്റ് ആര്‍ട് സെന്റര്‍, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗീത പരിപാടി അരങ്ങേറിയത്. 

ചടങ്ങില്‍ ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച സഹായധനം കൈതപ്രം ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. ഷാജൻ സ്‌കറിയ, പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികള്‍, ക്രിസ്തുമസ് ഫ്രണ്ട് തെരഞ്ഞെടുപ്പ് എന്നിവയും സംഘടിപ്പിച്ചു.

കൈതപ്രം തത്സമയം എഴുതിയ മക്കളേ... പൊന്നുമക്കളേ എന്ന ഗാനം കെ.കെ നിഷാദ് മോഹന രാഗത്തില്‍ അപ്പോള്‍ തന്നെ ചിട്ടപ്പെടുത്തി ആലപിച്ചത് കാണികള്‍ക്ക് സംഗീത വിരുന്നായി ...

0 Comments

Leave a comment