കന്യാകുമാരി: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതയാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് കന്യാകുമാരിയില്‍ ആവേശോജ്ജ്വല തുടക്കം.
കഴിഞ്ഞ ദിവസം രാവിലെ ഗാന്ധി മണ്ഡപത്തിന് മുന്നില്‍ എന്‍.ദളവായ് സുന്ദരം എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തതോടെ ഭാരത യാത്രയ്ക്ക് തുടക്കമായി. പാര്‍ശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്കുയര്‍ത്തേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഭാരതം ഭിന്നശേഷിക്കാരുടേതു കൂടിയാണെന്ന് ബോധ്യപ്പെടുത്താന്‍ മുതുകാടിന്റെ ഈ ഭാരതയാത്രയ്ക്ക് സാധിക്കട്ടെയെന്ന് എം.എല്‍.എ ആശംസിച്ചു.
നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്‍.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുമാരകോവില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ക്യാമ്പസില്‍ ഭാരത യാത്രയുടെ ആദ്യ ബോധവത്കരണ പരിപാടി അരങ്ങേറി. കന്യാകുമാരി കളക്ടര്‍ അഴഗുമീന ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
എന്‍.ഐ.സി.എച്ച്.ഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എന്‍.ഐ.സി.എച്ച്.ഇ പ്രൊ ചാന്‍സിലര്‍ എം.എസ് ഫൈസല്‍ഖാന്‍, എന്‍.ഐ.സി.എച്ച്.ഇ രജിസ്ട്രാര്‍ ഡോ.പി.തിരുമാവളവന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് എന്‍.ഐ.സി.എച്ച്.ഇയിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ ഗോപിനാഥ് മുതുകാട് ഇന്‍ക്ലൂസീവ് ഇന്ത്യയുടെ ആദ്യ പരിപാടി അവതരിപ്പിച്ചു. ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും ചേര്‍ന്നൊരുക്കിയ ബോധവത്കരണ കലാപരിപാടി കരഘോഷത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്.
വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയിലൂടെ ഭിന്നശേഷി മേഖലയില്‍ സമൂഹം പാലിക്കേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമൊക്കെ സവിസ്തരം പ്രതിപാദിച്ചു. ഭിന്നശേഷി മേഖലയിലെ ഉജ്ജ്വല താരങ്ങളെക്കുറിച്ചുള്ള മോട്ടിവേഷണല്‍ വീഡിയോയും കാണികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. സംഘം ഇന്നലെ വൈകുന്നേരം അടുത്ത സംസ്ഥാനമായ കര്‍ണാടകയിലേയ്ക്ക് തിരിച്ചു. രാജ്യമൊട്ടാകെ നാല്‍പ്പതില്‍പ്പരം വേദികളില്‍ ബോധവത്കരണ പരിപാടി അവതരിപ്പിക്കും.
മുതുകാട് ഉള്‍പ്പടെ 7 അംഗ സംഘമാണ് യാത്രയിലുള്ളത്. പ്രധാന കേന്ദ്രങ്ങളില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 - ന് ഡല്‍ഹിയില്‍ യാത്ര അവസാനിക്കും.
വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയിലൂടെ ഭിന്നശേഷി മേഖലയില്‍ സമൂഹം പാലിക്കേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമൊക്കെ സവിസ്തരം പ്രതിപാദിച്ചു. രാജ്യമൊട്ടാകെ നാല്‍പ്പതില്‍പ്പരം വേദികളില്‍ ബോധവത്കരണ പരിപാടി അവതരിപ്പിക്കും.





0 Comments