/uploads/news/news_പഠന_നിലവാരം_ഉയർത്താനുള്ള_പൊതുവിദ്യാഭ്യാസ..._1730629007_1057.jpg
Events

പഠന നിലവാരം ഉയർത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾ സ്വാഗതാർഹം: വിസ്ഡം സ്റ്റുഡന്റ്സ്


തിരുവനന്തപുരം: കുട്ടികളുടെ പഠന നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട കാരണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കം സ്വാഗതാർഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു.

പരീക്ഷകളിലെ ഉദാര മൂല്യനിർണയവും  നിരന്തര മൂല്യനിർണയ പ്രക്രിയയുടെ അശാസ്ത്രീയതയും ഓൾ പ്രൊമോഷൻ സംവിധാനവുമെല്ലാം കാരണമായി മാതൃഭാഷയിൽ പോലും എഴുത്തും വായനയും അറിയാത്ത കുട്ടികൾ വർദ്ധിക്കുന്നുവെന്നത് വസ്തുതയാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കു പോലും നൂറു ശതമാനത്തിനടുത്ത് വിജയം സമ്മാനിക്കുന്നതും നിർലോഭം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമാകുന്നതും കുട്ടികളിൽ തെറ്റായ കാഴ്ചപ്പാടുകൾ സൃഷ്ടിച്ചിരിക്കുന്നു. ഇതു തിരുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും വിവിധ വേദികളിൽ നടത്തിയ പ്രസ്താവനകൾ അഭിനന്ദനാർഹമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

‘പഠിച്ചില്ലെങ്കിലും ജയിക്കും’ എന്ന ചിന്ത വിദ്യാർത്ഥികളെ വലിയ രൂപത്തിൽ ബാധിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിലും ദേശീയ തലത്തിൽ നടത്തിയ സർവ്വേകളിലും കേരളത്തിന്റെ നിലവാരം താഴോട്ടുപോയ കണക്കുകൾ മുന്നിൽ വെച്ച് തിരുത്താൻ ശ്രമിക്കുമ്പോൾ ബാലിശമായ ന്യായങ്ങൾ പറഞ്ഞ് എതിർക്കുന്നവർ പിന്നെന്താണ് പരിഹാരം എന്ന് പറയാൻ ബാധ്യസ്ഥരാണ്. ഈ നീക്കങ്ങൾക്ക് എതിരായ ശബ്ദങ്ങളെ പരിഗണിക്കാതെ നടപടികളുമായി മുന്നോട്ട് പോകണമെന്നും കൺവെൻഷൻ കൂട്ടിച്ചേർത്തു.

2025 മെയ് 11 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന കൺവെൻഷൻ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മുഹമ്മദ്‌ ഷമീൽ മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറിമാരായ മുജാഹിദ് അൽ ഹികമി പറവണ്ണ, ഖാലിദ് വെള്ളില, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ കൊല്ലായിൽ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൻ വള്ളക്കടവ് എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയ്ക്കു പോലും നൂറു ശതമാനത്തിനടുത്ത് വിജയം സമ്മാനിക്കുന്നതും നിർലോഭം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമാകുന്നതും കുട്ടികളിൽ തെറ്റായ കാഴ്ചപ്പാടുകൾ സൃഷ്ടിച്ചിരിക്കുന്നു.

0 Comments

Leave a comment