കഴക്കൂട്ടം: സംസ്ഥാന സർക്കാരും വനിതാ ശിശു വികസന വകുപ്പും സംഘടിപ്പിച്ചിട്ടുള്ള സധൈര്യം മുന്നോട്ട് പദ്ധതി പ്രകാരം നൈറ്റ് വാക്ക് നടത്തുന്നതിന്റെ ഭാഗമായി മംഗലപുരത്ത് സ്ത്രീകൾ രാത്രി നടത്തം ചെയ്തത് നാടിനു കൗതുക കാഴ്ചയായി. പൊതു ഇടം എന്റെയും എന്ന കാഴ്ചപ്പാടുമായി സ്ത്രീകൾ മുന്നോട്ട് വരുന്ന പദ്ധതി പുതിയൊരു അനുഭവമായി. കഴിഞ്ഞ ദിവസം രാത്രി നാഷണൽ ഹൈവേയിൽ തോന്നയ്ക്കൽ, കാരമൂട് ജംങ്ഷൻ, മുരുക്കുംപുഴ, നെല്ലിമൂട് ജംങ്ഷൻ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു രാത്രി പതിനൊന്നു മണിക്ക് എത്തിയ പെൺകുട്ടികൾ അടക്കമുള്ള സ്ത്രീകൾ അൻപതു മീറ്റർ അകലത്തിൽ രണ്ടു പേർ വീതം നടന്നു മംഗലപുരം ജംങ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു പൊതുയോഗം ഉത്ഘാടനം ചെയ്തു. സ്ത്രീകൾ അവതരിപ്പിച്ച കലാപരിപാടികളും പൊതു ഇടം എന്റെയും എന്ന പ്രതിജ്ഞയും ചൊല്ലി. സി.ഡി.പി.ഒ ഡോക്ടർ പ്രീത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാത്രി ഒന്നരയോടു കൂടി രണ്ടു സ്ത്രീകൾ വീതം തിരികെ വീടുകളിലേക്കു മടങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, വി.അജി കുമാർ, എം.ഷാനവാസ്, എം.എസ്.ഉദയകുമാരി, എസ്.ആർ.കവിത, എൽ. മുംതാസ്, എ.അമൃത, ദീപാ സുരേഷ്, ലളിതാംബിക, സിന്ധു.സി.പി, ഐ.സി.ഡി എസ്.ബിന്ദു കുമാരി, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജെയിംസ്, അംഗൻവാടി ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലുള്ള സ്ത്രീകൾ പങ്കെടുത്തു.
മംഗലപുരത്ത് സ്ത്രീകൾ സധൈര്യം മുന്നോട്ട്. രാത്രി നടത്തം നാടിനു കൗതുകമായി





0 Comments