/uploads/news/news_മാജിക്_അക്കാദമിയുടെ_26-ാം_വാര്‍ഷികാഘോഷങ്..._1655202947_277.jpg
Events

മാജിക് അക്കാദമിയുടെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നാളെ. മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും


കഴക്കൂട്ടം: ഏഷ്യയിലെ ആദ്യത്തെ മാജിക് പഠനകേന്ദ്രമെന്ന ഖ്യാതി നേടിയ മാജിക് അക്കാദമിയുടെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നാളെ (ബുധന്‍) കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കും.സമാപന ചടങ്ങ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.


കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമടക്കം ആറു മെഡലുകള്‍ നേടിയ 5 ഭിന്നശേഷിക്കുട്ടികളെ അത്‌ലറ്റ് കെ.എം ബീന മോള്‍ ആദരിക്കും. 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും ലോംഗ്ജംപില്‍ വെള്ളിയും നേടിയ സാം ആന്റണി, വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയ നൗഫിയ, 400 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടിയ വിജീഷ്, ഷോര്‍ട്ട്പുട്ടിലും ജാവലിന്‍ ത്രോയിലും വെങ്കലം നേടിയ വിനീഷ്, 200 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത ജ്യോതിഷ് എന്നിവരെയാണ് ആദരിക്കുന്നത്. 


മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ബിജുരാജ്.എസ് എന്നിവര്‍ പങ്കെടുക്കും.  

ഇന്ദ്രജാലത്തിന്റെയും ഇന്ദ്രജാലക്കാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഇന്ദ്രജാല പഠന കേന്ദ്രമാണ് മാജിക് അക്കാദമി. മലയാറ്റൂര്‍ രാമകൃഷ്ണന്‍ സ്ഥാപക രക്ഷാധികാരിയായി 1996 മെയ് 31നാണ് മാജിക് അക്കാദമി സ്ഥാപിക്കുന്നത്. മലയാറ്റൂരിന്റെ മരണ ശേഷം ഒ.എന്‍.വി കുറുപ്പും നിലവില്‍ അടൂര്‍ ഗോപാലകൃഷ്ണനും അക്കാദമിയുടെ രക്ഷാധികാരികളായി. 


ഇന്ത്യന്‍ മാന്ത്രിക മേഖലയില്‍ അതിനൂതനങ്ങളായ നിരവധി സംരംഭങ്ങള്‍ക്ക് മാജിക് അക്കാദമി ഇതിനോടകം തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട്. ലോകത്തിലാദ്യമായി മാജിക്കിന് യൂണിവേഴ്‌സിറ്റി അംഗീകാരം ലഭിക്കുന്നതും മാജിക് അക്കാദമിയുടെ കോഴ്‌സുകള്‍ക്കാണ്. തെരുവുജാലവിദ്യക്കാരുടെയും കലാകാരന്മാരുടെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ മാജിക് പ്ലാനറ്റ് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ 2014 ലാണ് സ്ഥാപിച്ചത്. 


തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനായി എം പവര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍, ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രമായ കരിസ്മ സെന്റര്‍ എന്നിവ സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞു. വീടില്ലാത്ത കലാകാരന്മാര്‍ക്കും ഭിന്നശേഷിക്കുട്ടികള്‍ക്കും സൗജന്യമായി താമസിക്കുവാന്‍ ചന്തവിളയില്‍ ആര്‍ട്ടിസ്റ്റ് വില്ലേജൊരുക്കി 16 വീടുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമടക്കം ആറു മെഡലുകള്‍ നേടിയ 5 ഭിന്നശേഷിക്കുട്ടികളെ അത്‌ലറ്റ് കെ.എം ബീന മോള്‍ ആദരിക്കും.

0 Comments

Leave a comment