തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരിക്കെയാണ് ഇത്തവണ പിറന്നാള്‍ ദിനം വന്നെത്തുന്നത്. ഇന്നലെ മുതല്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയ അദ്ദേഹം അടുത്ത അഞ്ച് ദിവസം മണ്ഡലത്തിലുണ്ടാവും.
സാധാരണ പിണറായി വിജയന് തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം ജന്മദിനമായിരുന്നു. അന്ന് അദ്ദേഹം തന്നെ ഈ വിവരം തുറന്ന് പറഞ്ഞിരുന്നു. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.
1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായിയിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയുടെ പൂര്‍വ്വിക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് സഭയിലെത്തിയ പിണറായി വിജയന് കേരളത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി.
2021 ല്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തുടർഭരണം നേടിയ ഇടതുമുന്നണിയുടെ അമരക്കാരനായി പിണറായി വിജയന് തന്നെ വീണ്ടും മുഖ്യമന്ത്രിയുടെ കസേരയിലെത്തി. കോണ്‍ഗ്രസിന്റെ സി രഘുനാഥിനെ വമ്പന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയായുള്ള പിണറായി വിജയന്റെ രണ്ടാം വരവ്.
സാധാരണ പിണറായി വിജയന് തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.





0 Comments