/uploads/news/news_ഇന്ദ്രജാലങ്ങളുടെ_സ്മരണപുതുക്കി_മാജിക്_പ്..._1736182736_2869.jpg
Interesting news

ഇന്ദ്രജാലങ്ങളുടെ സ്മരണപുതുക്കി മാജിക് പ്ലാനറ്റില്‍ ഒത്തുകൂടി പഴയ സഹപ്രവർത്തകർ


കഴക്കൂട്ടം; തിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക് പ്ലാനറ്റില്‍ ഇന്നലെ (ഞായര്‍) ഒത്തുകൂടി. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അത്ഭുതങ്ങളും അപൂര്‍വനിമിഷങ്ങളും പങ്കുവച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിലെ അനുഭവങ്ങളാണിവ. 36 വര്‍ഷം ട്രൂപ്പില്‍ സജീവ അംഗമായിരുന്ന തോമസ് പാലച്ചുവട്ടിലുള്‍പ്പടെ വിവിധ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച നിരവധി പേരാണ് ഇന്നലെ നടന്ന കൂട്ടായ്മയ്‌ക്കെത്തിയത്.

മുതുകാടിനോടൊപ്പം 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും 5 ഭാരത യാത്രകള്‍ക്ക് ഒപ്പം ചേരാനും കഴിഞ്ഞ സന്തോഷത്തിലാണ് മാജിക് ഷോകളുടെ ക്രിയേറ്റീവ് ഹെഡ് കൂടിയായ ഭരതരാജന്‍. ജീവിതത്തെ മുന്നോട്ടു നയിക്കാനുതകുന്ന കൃത്യനിഷ്ഠ, അച്ചടക്കം, പരസ്പര ബഹുമാനം തുടങ്ങിയ പലപാഠങ്ങളും പഠിച്ചത് മുതുകാടെന്ന ഗുരുവില്‍ നിന്നാണ്.  വിവിധ രാജ്യങ്ങളിലടക്കം സഞ്ചരിക്കുവാന്‍ സാധിച്ചതും ട്രൂപ്പില്‍ സഹകരിച്ചതിന്റെ നേട്ടമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് മുതുകാടിന്റെ ട്രൂപ്പില്‍ പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റുകളുടെ സംഗമമൊരുക്കുന്നത്.  

വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ സഹപ്രവര്‍ത്തകരെ നേരില്‍ കണ്ടതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമായിരുന്നു മുതുകാടും ആര്‍ട്ടിസ്റ്റുകളും. പലരും കുടുംബത്തോടൊപ്പമാണ് കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയത്. മുതുകാട് സമ്മാനം നല്‍കിയാണ് അവരെ വരവേറ്റത്. തുടര്‍ന്ന് വേദികളിലെ മാജിക് പ്രകടനത്തിന്റെ ചെറുവീഡിയോകള്‍ പ്രദര്‍ശിപ്പിച്ച് ഓര്‍മകളെ തിരിച്ചു വിളിച്ചു.  അന്ന് സംഭവിച്ച തമാശകളും അബദ്ധങ്ങളും പറയാതൊളിപ്പിച്ച വിശേഷങ്ങളുമടക്കം പലരും പങ്കുവെച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന്റെ അന്തരീക്ഷമായിരുന്നു അനുഭവപ്പെട്ടത്.  

വീണ്ടും ട്രൂപ്പിലെ സജീവ അംഗമാകാന്‍ മിക്കവരും ആഗ്രഹം പ്രകടിപ്പിച്ചതും അംഗങ്ങളെ ഉള്‍പ്പെടുത്തി വീണ്ടും ഷോ ചെയ്യണമെന്നുമുള്ള ആവശ്യവും കരഘോഷത്തോടെയാണ് ഏറ്റെടുത്തത്.  1985ലാണ് മുതുകാട് ട്രൂപ്പ് രൂപീകരിച്ച് ഷോ ആരംഭിക്കുന്നത്. 2021 നവംബര്‍ 17നാണ് സജീവമായി മാജിക് രംഗത്തു നിന്നും വിടവാങ്ങുന്നതും. ഇക്കാലയളവില്‍ ട്രൂപ്പില്‍ സഹകരിച്ച ആര്‍ട്ടിസ്റ്റുകളാണ് ഇന്നലെയെത്തിയത്.  പലരും ഇന്ന് വിദേശരാജ്യങ്ങളിലടക്കം പ്രവര്‍ത്തിച്ചുവരികയാണ്.  
മാജിക് പ്ലാനറ്റിലെ ഇല്യൂഷന്‍ ഷോ, ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങള്‍ എന്നിവ കണ്ട ശേഷമാണ് അവര്‍ മടങ്ങിയത്.

36 വര്‍ഷം ട്രൂപ്പില്‍ സജീവ അംഗമായിരുന്ന തോമസ് പാലച്ചുവട്ടിലുള്‍പ്പടെ വിവിധ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച നിരവധി പേരാണ് ഇന്നലെ നടന്ന കൂട്ടായ്മയ്‌ക്കെത്തിയത്

0 Comments

Leave a comment