യുപി: ക്ഷേത്രത്തിലെ എസിയിലെ വെള്ളം തീർഥമെന്ന് കരുതി കുടിച്ച് വിശ്വാസികൾ. മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരിൽ നിർമ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. ഇത് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ആയ കൃഷ്ണന്റെ പാദങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ആണെന്നാണ് ഭക്തർ വിശ്വസിച്ചിരുന്നത്. പലരും ഇത് ഗ്ലാസിലാക്കി കുടിക്കാറും കുപ്പിയിലാക്കി കൊണ്ടുപോവാറും ശരീരത്തിൽ തളിക്കാറുമുണ്ട്. എന്നാൽ ചരണാമൃതത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുകയാണ് ഒരു വ്‌ളോഗർ.
ഇതിനോടകം വൈറലായ വീഡിയോയിൽ വ്‌ളോഗർ ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. ആനയുടെ പ്രതിമയിൽ നിന്നും ആളുകൾ വെള്ളം ശേഖരിച്ച് കുടിക്കുന്നത് കാണാം. എന്നാൽ ഇത് ചരണാമൃതമല്ല മറിച്ച് ക്ഷേത്രത്തിലെ എസിയിൽ നിന്നും വരുന്ന വെള്ളമായിരുന്നു. ക്ഷേത്രത്തിലെ പൂജാരി തന്നോട് ഇതിനെക്കുറിച്ച് പറഞ്ഞതായും വ്‌ളോഗർ പറയുന്നുണ്ട്. പലരോടും ഇത് വ്‌ളോഗർ പറയുന്നുമുണ്ട്. എന്നാൽ പലരും വ്‌ളോഗറെ അവഗണിച്ച് വെള്ളം കുടിക്കുകയാണ്.
നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ നിന്ന് ഈ വെള്ളം കുടിച്ചിരിക്കുന്നത്. പ്രതിദിനം ഏകദേശം 10,000 മുതൽ 15,000 വരെ ആളുകൾ എത്തുന്ന സ്ഥലം കൂടിയാണിത്. ഇത്രയും ആളുകൾ എത്തുന്ന സ്ഥലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള സംഭവമാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.
കൂളിംഗ്, എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ നിന്നും പുറംതള്ളപ്പെടുന്ന വെള്ളത്തിൽ ഫംഗസ് ഉൾപ്പെടെയുള്ള പലതരം അണുബാധകൾ ഉണ്ടാവും എന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. നിരവധി പേരാണ് വീഡിയോയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്.
ക്ഷേത്രത്തിലെ പ്രസാദം ഇതല്ലെന്നും ഇത് പ്രസാദം ആണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ആളുകൾ സ്വയം തോന്നിയത് ചെയ്യുക ആണെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ ക്ഷേത്രത്തെക്കുറിച്ച് അറിയുന്നവർ പ്രതികരിച്ചത്.
മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരിൽ നിർമ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്.





0 Comments