തിരുവനന്തപുരം: ഡിസംബർ 7ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡുളിലാണ് ഡിസംബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെട്ടുകാട്, എടക്കാട് വാർഡുകൾ ജനറൽ വാർഡുകളും, പോത്തൻകോട് പട്ടികജാതി സംവരണ വാർഡും, പൊന്നാംചുണ്ട് പട്ടികവർഗ സംവരണ വാർഡുമാണ്. ഈ മാസം 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചക്ക് 3 മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം. 20ന് സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ്, നാമനിർദേശ പത്രികയിലെ നോമിനി, സ്ഥാനാർത്ഥി നിർദേശിക്കുന്ന ഒരാൾ എന്നിങ്ങനെ നാല് പേർക്ക് മാത്രമാണ് സൂക്ഷ്മ പരിശോധനാ വേളയിൽ പ്രവേശനം അനുവദിക്കുന്നത്. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി 22 ആണ്. അന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം ചിഹ്നം അനുവദിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ട് ചെയ്യാം. ഡിസംബർ 8നാണ് വോട്ടെണ്ണൽ നടക്കുന്നത്. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പൂർണമായും കോവിഡ് മാനദണ്ഡം പാലിക്കണം. വെട്ടുകാട് വാർഡിലെ റിട്ടേണിംഗ് ഓഫീസർ രാജീവ് ബി.എസ് (തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ രേഖ.ബി (തിരുവനന്തപുരം കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ), പോത്തൻകോട് വാർഡ് റിട്ടേണിംഗ് ഓഫീസർ പ്രശാന്ത് കുമാർ.കെ (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഷൈനി (പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), എടക്കോട് വാർഡ് റിട്ടേണിംഗ് ഓഫീസർ ബീന.പി.ആനന്ദ് (അസിസ്റ്റന്റ് കമ്മീഷണർ, ലാന്റ് റവന്യൂ കമ്മീഷണറേറ്റ്), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ലെനിൻ (ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), പൊന്നാംചുണ്ട് വാർഡ് റിട്ടേണിംഗ് ഓഫീസർ സജിത് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി, റോഡ്സ്, നെടുമങ്ങാട്), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ സുമി മോൾ (വിതുര ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസി ലാൽ, കളക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ അവലോകന യോഗം ചേർന്നു.





0 Comments