/uploads/news/news_കൂട്ടബലാത്സംഗ_കേസ്:_കോഴിക്കോട്_കോസ്റ്റൽ_..._1669029466_2472.png
KERALA

കൂട്ടബലാത്സംഗ കേസ്: കോഴിക്കോട് കോസ്റ്റൽ സിഐ പി.ആർ സുനുവിന് സസ്പെൻഷൻ


കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ പി ആർ സുനുവിനെ സസ്‌പെൻഡ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക വിരുദ്ധരുമായുള്ള അടുത്ത ബന്ധവും ഉൾപ്പെടുത്തിയാണ് കൊച്ചി കമ്മീഷണർ റിപ്പോർട്ട് നൽകിയത്. കൂട്ട ബലാത്സംഗക്കേസിൽ മൂന്നാം പ്രതിയാണ് പി ആർ സുനു.

അതേസമയം കൂട്ട ബലാത്സംഗക്കേസിൽ പ്രതിയായ പി.ആർ സുനു ഇന്ന് രാവിലെ ഡ്യൂട്ടിയ്ക്കെത്തിയത് വിവാദമായിരുന്നു. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി ആർ സുനുവാണ് ഇന്ന് രാവിലെ ഡ്യൂട്ടിയ്ക്കെത്തിയത്. എന്നാൽ സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറാണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. ഏഴ് ദിവസത്തെ അവധിയിൽ പ്രവേശിക്കാനാണ് എഡിജിപി നിർദേശിച്ചത്.

ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് നിലവിൽ പി. ആർ സുനു. ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ഉടനുണ്ടാകുമെന്നാണ് വിവരം അതിനിടെയാണ് പ്രതിയായ ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചത്.എന്നാൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കേസാണിതെന്നും സുനു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്‌തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.

സുനുവിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഒൻപതോളം തവണ വകുപ്പുതല അച്ചടക്ക നടപടിക്കു വിധേയനായിട്ടുണ്ട്. കൂടാതെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാകുകയും ചെയ്‌ത ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം.

സാമൂഹിക വിരുദ്ധരുമായുള്ള അടുത്ത ബന്ധവും ഉൾപ്പെടുത്തി കൊച്ചി കമ്മീഷണർ പി.ആർ സുനുവിനെതിരെ നൽകിയ അന്വഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

0 Comments

Leave a comment