തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തിരക്കിട്ട തുടരന്വേഷണം തുടങ്ങിയതോടെ ബി.ജെ.പി വീണ്ടും പ്രതിരോധത്തിൽ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് കോഴയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നൽകിയ മൊഴി കളവാണെന്ന് കണ്ടെത്തി വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് തിരക്കിട്ട് കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അന്വേഷണ സംഘം ഒരുങ്ങിയിരിക്കുന്നത്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് അന്വേഷണ സംഘത്തിൽനിന്നുള്ള വിവരം. കേസിൽ 22 പ്രതികളാണുള്ളത്. ഇവരെ ചോദ്യം ചെയ്യാനായി അനുമതി തേടിയാണ് പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.നഷ്ടപ്പെട്ട പണത്തിൽ ഒന്നരക്കോടിയോളം കണ്ടെടുക്കാനുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. നിലവിൽ പ്രതികളെല്ലാവരും ജാമ്യം നേടി പുറത്താണ്.കേസിൽ ഏഴാം സാക്ഷിയാണ് കെ.സുരേന്ദ്രൻ. സുരേന്ദ്രനെ കൂടാതെ മകൻ ഹരികൃഷ്ണനും ബി.ജെ.പി നേതാക്കളായ 19 പേരും സാക്ഷികളാണ്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിയായിരുന്ന സുന്ദരയെ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവലിക്കാൻ രണ്ട് ലക്ഷം നൽകിയെന്ന കേസിലാണ് സുരേന്ദ്രനോട് മൊബൈൽ ഫോൺ ഹാജരാക്കാൻ നിർദേശിച്ചത്.ഈ ഫോണിലേക്കും മകൻ ഹരികൃഷ്ണന്റെ ഫോണിലേക്കുമാണ് കൊടകരയിലെ പണം നഷ്ടപ്പെട്ടശേഷം ധർമരാജനും വിളിച്ചിരിക്കുന്നത്. ധർമരാജൻ വിളിച്ചിരുന്നതായും നേരിൽ കണ്ടിരുന്നതായും സുരേന്ദ്രൻ തന്നെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.മഞ്ചേശ്വരത്ത് പണമെത്തിച്ചത് യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്ക് ആണെന്നാണ് പറയുന്നത്. തന്റെയും സുനിൽ നായിക്കിന്റെയും പണമാണ് കൊടകരയിൽ നഷ്ടപ്പെട്ടതെന്നാണ് ധർമരാജൻ കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം.ബംഗളൂരുവിൽ നിന്ന് എത്തിച്ച കള്ളപ്പണം കെ. സുരേന്ദ്രന്റെ അറിവോടെയാണ് കൊണ്ടുവന്നതെന്നും ധർമരാജൻ സുരേന്ദ്രന്റെയും ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശന്റെയും അടുപ്പക്കാരനാണെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.കർണാടകയിൽ പോയി പണം കൊണ്ടുവരാൻ ധർമരാജനെ ചുമതലപ്പെടുത്തിയത് ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശനും ഓഫിസ് സെക്രട്ടറി ഗിരീഷും ചേർന്നാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.കവർച്ചാപണം കണ്ടെത്തുന്നതിനോടൊപ്പം ഇതിന്റെ ഉറവിടം കൂടി പുറത്തുകൊണ്ടുവരാനാണ് ശ്രമം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിലുണ്ട്. അതിനിടെ ബത്തേരി തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണ രേഖ പരിശോധിക്കാൻ കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് ശബ്ദരേഖ പരിശോധിക്കാനാണ് അനുമതി നൽകിയത്.
കൊടകര കുഴൽപ്പണ കേസ്: ബി.ജെ.പി യെ വീണ്ടും പ്രതിരോധത്തിലാക്കി ഊർജിത തുടരന്വേഷണം തുടങ്ങി.





0 Comments