മലപ്പുറം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ കെ.എസ്.ആര്.ടി.സി ഡിപ്പോകളെ ഹരിതസുന്ദരമാക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. ബസുകളിലും ഡിപ്പോകളിലും ശുചിത്വം നിലനിര്‍ത്തുന്നതോടൊപ്പം യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കെ.എസ്.ആര്.ടി.സി ഡിപ്പോകളിലും ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിക്കൊണ്ട് ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ശുചിത്വമിഷിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നത്.
മലപ്പുറം കെ.എസ്.ആര്.ടി.സി ബസ്റ്റാന്‍ഡ് ശുചീകരണം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ഷബീര്‍ അധ്യക്ഷനായി. നിലമ്പൂര്‍ ഡിപ്പോയില്‍ നടന്ന ശുചീകരണ പ്രവൃത്തികള്‍ ചെയര്മാന് മാട്ടുമ്മല്‍ സലീം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കക്കാട് റഹീം അധ്യക്ഷത വഹിച്ചു. പൊന്നാനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ശുചീകരണം പൊന്നാനി മുനിസിപ്പല്‍ ചെയര്മാന് ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പൊന്നാനി ഡിപ്പോ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.കെ അനസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഗോപാലകൃഷ്ണന് നേതൃത്വം നല്കി. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ശുചീകരണം ഡിസംബര്‍ ആദ്യവാരത്തില്‍ നടക്കും. തൊഴിലാളികളും ഹരിത കര്‍മ്മ സേനാംഗങ്ങളും കെ.എസ്.ആര്.ടി.സി ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ശുചീകരിച്ചത്.
കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ ശുചീകരിച്ചു





0 Comments