മലപ്പുറം:തോൽവി പാഠം പഠിപ്പിച്ചെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ബിജെപി നേതാവ് ഇ ശ്രീധരൻ. അതേസമയം രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ലെന്നും മെട്രോമാൻ പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്ന അദ്ദേഹം നിലവിൽ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മത്സരിച്ച അദ്ദേഹം ഷാഫി പറമ്പിലിനോട് തോറ്റു.തനിക്ക് വ്യക്തമായ കാഴ്ചപ്പാടുകളും പദ്ധതികളുമുണ്ടെന്നും മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ശ്രീധരൻ പറഞ്ഞിരുന്നു. ശ്രീധരന്റെ ബിജെപി പ്രവേശനം ദേശീയതലത്തിൽ തന്നെ ബിജെപി വലിയ സംഭവമായി ഉയർത്തിക്കാണിക്കുകയും ചെയ്തു.രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഇനി രാഷ്ട്രീയത്തിൽ ഒരു മോഹവുമില്ല.ഒരു ബ്യൂറോക്രാറ്റായാണ് തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. പരാജയം പലതും പഠിപ്പിച്ചു. ആ സമയത്ത് അല്പം വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഇല്ല. നാടിനെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ലെന്നും ശ്രീധരൻ പറഞ്ഞു.കേരളത്തിൽ കെ- റെയിൽ പ്രായോഗികമല്ലെന്നും പദ്ധതി സർക്കാരിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ശ്രീധരൻ പറഞ്ഞു. കെ- റെയിൽ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ഭീകരമായിരിക്കുമെന്നും ശ്രീധരൻ മുന്നറിയിപ്പ് നൽകി.
സജീവ രാഷ്ട്രീയം വിടുന്നു:കെ- റെയിൽ നാടിന് ഗുണകരമാവില്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ.





0 Comments