തിരുവനന്തപുരം: തന്നെ ഊരുവിലാക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിലില്ലെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. ഒരു ഊരുവിലക്കിനേയും താൻ ഭയപ്പെടുന്നുമില്ല. ദേശീയ നേതൃത്വം നൽകിയ എല്ലാ ചുമതലകളും ഭംഗിയായി നിർവ്വഹിച്ചൊരു പാർട്ടി പ്രവർത്തകയാണ് താനെന്നും ശോഭ പറഞ്ഞു. ശോഭയ്ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരാതി നൽകിയെന്ന വാർത്തകൾ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു അവരുടെ പ്രതികരണം.
'എന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം വളരെ ബുദ്ധിമുട്ടി കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത ഒരു വീട്ടിൽ ജനിച്ച് തെക്കിൻകര പഞ്ചായത്തെന്ന ചെറിയൊരു പഞ്ചായത്തിലെ മണലിത്തറയെന്ന് പറയുന്ന ഒരു കുഗ്രാമത്തിൽ ഭക്ഷണത്തിന് ഗതിയില്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ നിന്ന് ഇവിടെ എത്തി നിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഒരു ഊരുവിലക്കിനും ഭയപ്പെടുത്താൻ സാധിക്കുന്ന നേതാവല്ല ഞാൻ എന്നും ശോഭ തുറന്നടിച്ചു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത് ശോഭ സുരേന്ദ്രനെതിരെ ഒരു പരാതിയും ഞാൻ നൽകിയിട്ടില്ലെന്നാണ്. അങ്ങനെ ആർക്കെങ്കിലും എനിക്കെതിരെ പരാതി കൊടുക്കണമായിരുന്നുവെങ്കിൽ എന്തിനാണ് ഫ്ലൈറ്റ് ടിക്കറ്റുമെടുത്ത് പണം മുടക്കി പോകേണ്ട കാര്യമുണ്ടോ. സുരേന്ദ്രന് ഒരു മെയിൽ അയച്ചാൽ പോരെ, നേരെ ദേശീയ നേതൃത്തോട് പോയി പരാതിപ്പെടേണ്ട കാര്യമുണ്ടോ.
കഴിഞ്ഞ നാലഞ്ച് വർഷമായി ദേശീയ നേതൃത്വം തന്ന ചുമതലകൾ എല്ലാം വളരെ നന്നായി നിർവഹിച്ച് കൊണ്ട് കൃത്യതയോടെ പ്രവർത്തിച്ച് മുന്നോട്ട് പോയ ഒരു സാധാരണക്കാരിയാണ് ഞാൻ.അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ വേദനപ്പെടുത്തുന്നില്ല. ഇറങ്ങിക്കഴിഞ്ഞാൽ പിൻമാറുന്ന സ്വഭാവവും എനിക്കില്ല. അതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.
പാർട്ടിയിലെ നടപടികൾ സുതാര്യമാകണമെന്ന് പഠിപ്പിച്ച നരേന്ദ്ര മോദിയുടേയും അഖിലേന്ത്യ നേതാക്കളുടേയും ആശിർവാദത്തോടെ തന്നെയായിരിക്കണം കേരളത്തിലെ സംഘടന പ്രവർത്തനം മുന്നോട്ട് പോകേണ്ടത്', ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടിയുടെ അച്ചടക്കം താൻ ലംഘിച്ചിട്ടില്ലെന്നും തടസങ്ങൾ തട്ടി നീക്കി മുന്നോട്ടു പോകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്. തന്നെ പാർട്ടിയുടെ ഭാഗമാക്കാതിരിക്കനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ ആ വെള്ളം വാങ്ങിവെച്ചേക്കെന്നും ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.
പാർട്ടിയിലെ നടപടികൾ സുതാര്യമാകണമെന്ന് പഠിപ്പിച്ച നരേന്ദ്ര മോദിയുടേയും അഖിലേന്ത്യ നേതാക്കളുടേയും ആശിർവാദത്തോടെ തന്നെയായിരിക്കണം കേരളത്തിലെ സംഘടന പ്രവർത്തനം മുന്നോട്ട് പോകേണ്ടത്', ശോഭ സുരേന്ദ്രൻ പറഞ്ഞു.





0 Comments