തിരുവനന്തപുരം: പുതിയ ബെന്‍സ് കാർ വേണമെന്നുള്ള ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്ന് രാജ്ഭവൻ രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. വി.വി.ഐ.പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനം വാങ്ങാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് കത്തയച്ചത്.
നിലവില്‍ സര്‍ക്കാരും ഗവര്‍ണറും ഇടഞ്ഞു നില്ക്കുന്ന സാഹചര്യമാണ്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് പരസ്യമായി തന്നെ ഗവര്‍ണര്‍ അഭിപ്രായ ഭിന്നത വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഗവര്‍ണറുടെ ഓഫിസിലെ രണ്ട് നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയും ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിലെ നിയമനത്തിനെതിരെ കത്തു നല്കിയ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാലിനെ തല്‍സ്ഥാനത്തു നിന്നും നീക്കിയുമാണ് ഒടുവില്‍ സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനവും മാറ്റിയിരുന്നു. ഈ വർഷം തുടക്കത്തിലാണ് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വാഹനം മാറ്റിയത്.
85 ലക്ഷം രൂപയുടെ പുതിയ ബെന്‍സ് കാർ വേണമെന്ന് ഗവര്‍ണര്‍





0 Comments