തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ വിദ്യാർത്ഥി കൺസെഷൻ ഓൺലൈനാകുന്നു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ ഇതിനായുള്ള സോഫ്റ്റ്വെയർ പൂർത്തിയായി. കൺസെഷൻ ഓൺലൈനാകുന്നത്
അടുത്ത അധ്യയനവർഷം മുതൽ നിലവിൽ വരും.
ഡമ്മി രേഖകൾ നൽകിയുള്ള ഓരോ ഘട്ടത്തിലെയും സോഫ്റ്റ്വെയർ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. കൺസെഷനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ അനിഷ്ടസംഭവങ്ങളും തർക്കങ്ങളുമാണ് പുതിയ തീരുമാനത്തിന് കാരണം.
വിദ്യാർത്ഥികളെ രേഖകളുമായി ഡിപ്പോയിൽ വരുത്തി ബുദ്ധിമുട്ടിക്കാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് ഓൺലൈനായി അപേക്ഷിക്കാനാകും വിധത്തിലാണ് സംവിധാനം ഒരുക്കുന്നത്.
നിലവിൽ പേപ്പർ കാർഡുകളാണ് നൽകുന്നത്. ഇതിന് പകരം ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആർ.എഫ്.ഐ.ഡി കാർഡോ റീഡിങ് സ്ട്രിപ്പോടുകൂടിയ പ്ലാസ്റ്റിക് കാർഡോ നൽകാനും ആലോചനയുണ്ട്.
സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം യാത്രാ സൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും കൺസെഷൻ എടുക്കുന്നതിനും, പുതുക്കുന്നതിനും വലിയ കടമ്പകളാണ് നിലവിലുള്ളത്.
കെ.എസ്.ആർ.ടി.സി മൂന്നുമാസത്തേക്കാണ് കൺസെഷൻ അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം വാങ്ങി ഡിപ്പോയിൽ നേരിട്ടെത്തിയാലേ കൺസെഷൻ പുതുക്കി നൽകൂ. സെമസ്റ്റർ സംവിധാനമുള്ള ബിരുദ, ബിരുദാനന്തര, സാങ്കേതിക കോഴ്സുകളിൽ ഓരോ സെമസ്റ്ററിനും പ്രത്യേകം കൺസെഷൻ കാർഡാണ് നൽകുന്നത്. നിശ്ചിതസമയത്ത് കോഴ്സ് പൂർത്തിയായില്ലെങ്കിൽ കൺസെഷൻ കിട്ടില്ല. അല്ലെങ്കിൽ കോഴ്സ് നീണ്ടുപോയത് വിശദീകരിച്ച് സ്ഥാപനമേധാവി വീണ്ടും കത്ത് നൽകണം.
പുതിയ സംവിധാനത്തോടെ ഓൺലൈനായി രേഖകൾ സമർപ്പിക്കാമെന്നതാണ് സൗകര്യം.
പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. കാർഡ് വിതരണത്തിനുള്ള തുക മാത്രമാണ് ഇവരിൽനിന്ന് ഈടാക്കുന്നത്.
ഒടുവിലെ കണക്കുകൾ അനുസരിച്ച് 3,63,053 പേരാണ് ഈ വിഭാഗത്തിൽ കൺസെഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ബിരുദം മുതൽ മുകളിലേക്ക് 2,97,022 പേരാണ് കൺസെഷൻ കൈപ്പറ്റുന്നത്. ഇവരിൽ നിന്ന് ഈടാക്കുന്നത് 15 ശതമാനം നിരക്കാണ്. കൺസെഷനിലൂടെ ഒരു വർഷം 120 കോടിയാണ് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യത.
നിലവിലുള്ള അഞ്ചുലക്ഷം കൺസെഷനുകളിൽ ഭൂരിഭാഗവും സൗജന്യയാത്രയാണ്. ശേഷിക്കുന്നവരിൽനിന്ന് യാത്രാനിരക്കിന്റെ 15 ശതമാനം മാത്രമാണ് ഈടാക്കുന്നത്. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം കൺസെഷൻ അനുവദിക്കുന്നുണ്ട്. ലക്ഷങ്ങൾ ഫീസ് നൽകി സ്വകാര്യസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സൗജന്യനിരക്കിൽ യാത്ര അനുവദിച്ചിട്ടുണ്ട്.
2020-ലെ കൺസെഷൻ കണക്കുകൾ
പ്ലസ്ടുവരെ (പൂർണമായും സൗജന്യം) 3,63,053 പേർക്ക്. ഒരുവർഷത്തെ സാമ്പത്തിക ബാധ്യത 68.50 കോടി രൂപ (സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ഹാഫ് ടിക്കറ്റ് കണക്കാക്കിയാണ് ബാധ്യത നിശ്ചയിച്ചിട്ടുള്ളത്.)
*ബിരുദം മുതലുള്ള കൺസെഷൻ 2,97,022 പേർക്ക്. സാമ്പത്തിക ബാധ്യത 52 കോടി രൂപ
*ഒരുവർഷം വിദ്യാർത്ഥി കൺസെഷനിലൂടെയുള്ള ബാധ്യത 120.50 കോടി രൂപ
കൺസെഷനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ അനിഷ്ടസംഭവങ്ങളും തർക്കങ്ങളുമാണ് പുതിയ തീരുമാനത്തിന് കാരണം.





0 Comments