/uploads/news/news_നെയ്യിൽ_മായം:_മൂന്ന്_ബ്രാൻഡുകളുടെ_വിൽപന_..._1727225735_3158.jpg
KERALA

നെയ്യിൽ മായം: മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചോയ്സ്, മേന്മ, എസ്.ആർ.എസ് എന്നീ ബ്രാൻഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷണർ നിരോധിച്ചു. വിപണിയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഇവയ്ക്കു നിശ്ചിത ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. 

തിരുവനന്തപുരത്തെ, അമ്പൂരിയിൽ ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബൽസ് നിർമിച്ച നെയ്യ് ബ്രാൻഡുകൾക്കാണ് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇവയുടെ ലേബലുകളിൽ നെയ്യ് എന്നാണുള്ളത്. എന്നാൽ ചേരുവകളുടെ പട്ടികയിൽ നെയ്യ്, സസ്യ എണ്ണ, വനസ്പതി എന്നിവ ചേർത്തിട്ടുണ്ട്. ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരിൽ വിൽക്കാൻ പാടുള്ളൂ. മറ്റ് എണ്ണകളും കൊഴുപ്പുകളും ചേർത്ത കൂട്ടുമിശ്രിതം നെയ്യുടെ നിർവചനത്തിൽ വരുകയില്ല. അതിനാൽ ഇവയുടെ വിൽപ്പനയും ഉപയോഗവും ഭക്ഷ്യസുരക്ഷാ നിലവാര റഗുലേഷനിലെ വ്യവസ്ഥ പ്രകാരം തടഞ്ഞിട്ടുള്ളതാണ്. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കമ്മിഷണർ നടപടിയെടുത്തത്.

പ്രമുഖ ബ്രാൻഡുകളുടെ ഗുണനിലവാരമുള്ള ഒരു ലിറ്റർ നെയ്യുടെ വില 600 രൂപയ്ക്ക് മുകളിലാണ്. എന്നാൽ സസ്യയെണ്ണയ്ക്ക് ഒരു ലിറ്ററിന് ശരാശരി വില ഇതിന്റെ നാലിലൊന്നേ വരൂ. വനസ്പതിക്കും ലിറ്ററിന് 200 രൂപയിൽ താഴെയാണ്. ഈ വില വ്യത്യാസമാണ് നെയ്യിൽ സസ്യയെണ്ണയും വനസ്പതിയും കലർത്തി വിൽക്കാനുള്ള പ്രേരണ. മായം കലർത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ മറ്റ് ബ്രാൻഡുകളുടെ നെയ്യും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും.

ചോയ്സ്, മേന്മ, എസ്.ആർ.എസ് എന്നീ ബ്രാൻഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നിരോധിച്ചത്

0 Comments

Leave a comment