തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനും ഗായകനും നിർമാതാവുമായ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം. വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രം വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാർത്ഥിക്കാം.പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേർ കമന്റ് ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചർച്ചയുയർന്നിരുന്നു. 142 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 125 വർഷം മുമ്പ് നിർമിച്ച ഡാം കാലപ്പഴക്കം കാരണം ബലക്ഷയം നേരിടുന്നുണ്ടെന്നും കേരളത്തിന് അപകടമാണെന്നും വാദങ്ങൾ ഉയർന്നു.മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അപകടം ബോധ്യപ്പെടുത്തുന്ന ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.അതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്നാണ് ആവശ്യപ്പെടുന്നത്. സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും.
മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ്.





0 Comments