കൊച്ചി:പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് തടത്തിയ മോൺസൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ അവധിയിൽ.കൊച്ചി മെട്രോ എംഡിയായ ബെഹ്റ അവസാനമായി ഓഫീസിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് മോൺസൺ മാവുങ്കൽ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെ ലോക്നാഥ് ബെഹ്റ മോൺസന്റെ വീട്ടിലെത്തിയതിന് തെളിവായി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ബെഹ്റ എവിടെയെന്ന അന്വേഷണം ആരംഭിച്ചത്. കൊച്ചി മെട്രോ ഓഫീസിൽ അദ്ദേഹം എത്തുന്നില്ലെന്നും, അവധിയിലാണെന്നുമാണ് ലഭിക്കുന്ന വിവരം.അതേസമയം ഭാര്യയുടെ ചികിത്സാർത്ഥം അവധിയെടുത്തുവെന്നാണ് ബെഹ്റയുമായി അടുത്ത വൃത്തങ്ങൾ നല്കുന്ന വിവരം. തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന്റെ വീടുകൾക്ക് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ബെഹ്റ നല്കിയ ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ തട്ടിപ്പുകാരന് കൂട്ടുനിന്നുവെന്ന വാർത്തകൾ വന്നതോടെ ബെഹ്റയെ തൽസ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കേസന്വേഷണം പൂർത്തിയാകും വരെ ചുമതലയിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. അതിനിടെ ബെഹ്റ അവധിയെടുത്ത് നാട്ടിലേക്ക് പോയെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.ബെഹ്റ രണ്ടിലധികം തവണ മോൺസന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നെന്നും എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെയടക്കം മോൺസന്റെ വീട്ടിലെത്തിച്ചത് ബെഹ്റ ആണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ മനോജ് എബ്രഹാം മോൻസന്റെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ രേഖകൾ ലോക്നാഥ് ബെഹ്റ പൂഴ്ത്തിയതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോൻസൺ തട്ടിപ്പുകാരനാണെന്ന് തന്നോട് പറഞ്ഞത് ഡിജിപിയായിരുന്ന ബെഹ്റ ആണെന്ന വിശദീകരണവുമായി പ്രവാസി വ്യവസായി അനിത പുല്ലയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.എന്നാൽ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാൻ ബെഹ്റ ഇതുവരെ തയ്യാറായിട്ടില്ല.
മോൺസന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ അവധിയില്‍.





0 Comments