കോഴിക്കോട്: ആൾമാറാട്ടം നടത്തി സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് മുഴുവൻ പണം നൽകാതെ മുങ്ങിയ പോലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ട്രാഫിക് എസ്.ഐ.ക്കെതിരേ മേലുദ്യോഗസ്ഥർ എതിരായ റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. പേരിന് ശിക്ഷാനടപടിയായി കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. രണ്ടുദിവസം അവിടെ തങ്ങിയശേഷം മൂന്നാംനാൾ എസ്.ഐ. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിൽതന്നെ തിരിച്ചെത്തി.
ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയസ്വാധീനത്താലാണ് എസ്.ഐ. അതിവേഗം തിരിച്ചെത്തിയതെന്നാണ് പോലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത്. സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് 3000 രൂപയുടെ മുറിക്ക് 2000 രൂപനൽകി ടൗൺ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലിൽനിന്ന് മുങ്ങിയ എസ്.ഐ.യുടെ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിറ്റി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശത്തെത്തുടർന്ന് മറ്റൊരു അസിസ്റ്റന്റ് കമ്മിഷണറും തുടരന്വേഷണം നടത്തി. എസ്.ഐ. കുറ്റക്കാരനാണെന്നായിരുന്നു അസി. കമ്മിഷണറുടെയും റിപ്പോർട്ട്. തുടർന്നാണ് വയനാട്ടിലേക്ക് മാറ്റിയത്. എന്നാൽ, ഘടകകക്ഷി മന്ത്രി കഴിഞ്ഞ ദിവസം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മേയ് 10-നായിരുന്നു ഹോട്ടലിൽ എസ്.ഐ. ആൾമാറാട്ടം നടത്തി മുറിയെടുത്തതും പണം നൽകാതെ മുങ്ങിയതും. മുമ്പും പലതവണ ഇതേ എസ്.ഐ.ക്കെതിരേ റിപ്പോർട്ടുകൾ വന്നിരുന്നു. പോലീസ് അസോസിയേഷൻ നേതാവായതിനാൽ രാഷ്ട്രീയസ്വാധീനത്താൽ തുടർനടപടികൾ മരവിപ്പിക്കുകയാണുണ്ടായത്. ഇന്റലിജൻസ് വിഭാഗത്തിൽ തുടരുന്നതിനിടയിൽ ഭരണവിഭാഗം എസ്.ഐ.യെ മദ്യപിച്ച് ചീത്തപറഞ്ഞതിനാണ് രണ്ടുവർഷംമുമ്പ് ആദ്യനടപടിയുണ്ടാകുന്നത്. ഇത് എസ്.പി. കൈയോടെ പിടികൂടിയതോടെയാണ് രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് സ്ഥലംമാറ്റിയത്. തുടർന്ന് ക്രൈംബ്രാഞ്ചിലും കസബ പോലീസ് സ്റ്റേഷനിലുമായി ജോലിചെയ്തു.
പിന്നീട് ബേപ്പൂർ സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടയിൽ സ്റ്റേഷൻ വിവരങ്ങൾ ചോർത്തിയതിനും ടൗൺ സ്റ്റേഷനിലുള്ളപ്പോൾ വെള്ളയിൽ സ്വദേശിയായ ഗുണ്ടയുടെ വാഹനം സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയതിനും എസ്.ഐ. കുറ്റക്കാരനാണെന്ന് മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഒന്നിലും തുടർനടപടിയുണ്ടായില്ല.
ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയസ്വാധീനത്താലാണ് എസ്.ഐ. അതിവേഗം തിരിച്ചെത്തിയതെന്നാണ് പോലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത്.





0 Comments