തിരുവനന്തപുരം: സർക്കാർ ഉദ്യോഗാർത്ഥികളോട് വഞ്ചന കാട്ടരുതെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഒരു ദിവസം മുതൽ ആറു മാസം വരെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലുള്ള വീഴ്ചയും കൊണ്ട് കാര്യമായി നിയമനങ്ങൾ നടന്നില്ല. ഈ സാഹചര്യത്തിൽ ആഗസ്റ്റ് നാലിന് അവസാനിക്കുന്ന നാനൂറ്റി തൊണ്ണൂറ്റി മൂന്ന് റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലും നീട്ടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർഷങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാക്കളുടെ സ്വപ്നങ്ങൾ സർക്കാർ തല്ലിത്തകർക്കരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷ പ്രസംഗം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ, കെ.വി.കണ്ണൻ, ജോണി കുതിരവട്ടം എന്നിവർ സംസാരിച്ചു. ശരൺ ശശി, ആശ വർഗീസ്, ചന്തവിള സുജിത്, ചന്തവിള ഷാജിമോൻ, രതീഷ് ഉപയോഗ്, ഇർഷാദ്, സാബു തിരുവല്ല, സുനിൽ, അരുൺ ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഉദ്യോഗാർത്ഥികളോട് വഞ്ചന കാട്ടരുതെന്ന് പി.ജെ ജോസഫ് എം.എൽ.എ





0 Comments