കഴക്കൂട്ടം: കോർപ്പറേഷൻ പരിധിയിൽപ്പെട്ട കഴക്കൂട്ടം പ്രദേശത്തെ അനധികൃത പരസ്യ ബോർഡുകൾ കോർപ്പറേഷൻ ജീവനക്കാർ നീക്കം ചെയ്തു തുടങ്ങി. പൊതു സ്ഥലത്തും ഇലക്ട്രിക്ക് പോസ്റ്റുകളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ളതും പൊതു ജനത്തിനും വാഹനങ്ങൾക്കും മാർഗ്ഗ തടസം സൃഷ്ടിക്കുന്ന തരത്തിലും കാഴ്ച മറക്കുന്ന വിധത്തിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോർഡുകളാണ് നീക്കം ചെയ്തു തുടങ്ങിയത്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും ഇന്ന് രാവിലെ മുതലാണ് ബോർഡുകൾ മാറ്റുന്ന നടപടി തുടങ്ങിയത്. ദേശീയ പാതയുടെ ഇരു വശങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്നു എന്ന് കോർപ്പറേഷൻ ജീവനക്കാർ പറയുന്ന നൂറോളം ചെറുതും വലുതുമായ ബോർഡുകൾ നീക്കം ചെയ്തു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഏറെ വില പിടിപ്പുള്ള കൂറ്റൻ ബോർഡുകളാണ് നീക്കം ചെയ്തതിൽ ഭൂരിഭാഗവും. തങ്ങളെ അറിയിക്കാതയും യാതൊരു മുന്നറിയിപ്പുമില്ലാതെയുമാണ് കോർപറേഷൻ ബോർഡുകൾ നീക്കം ചെയ്തതെന്നാണ് സ്ഥാപന ഉടമകളിൽ പലരും പറയുന്നത്. തങ്ങൾ നീക്കം ചെയ്തു കൊള്ളാമെന്ന് കോർപ്പറേഷൻ ജീവനക്കാരോട് പറഞ്ഞെങ്കിലും അത് സ്വീകരിക്കാതെയാണ് നടപടിയെന്നും കട ഉടമകൾ പറഞ്ഞു. സ്ഥാപനങ്ങളുടെ ചുറ്റുമതലിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നീക്കം ചെയ്തിട്ടുണ്ട്. പല കച്ചവടക്കാരും കോർപ്പറേഷൻ ജീവനക്കാരുമായി വാക്കേറ്റം നടന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിൽ പറയുന്ന രീതിയിൽ ബോർഡുകൾ നീക്കം ചെയ്തിട്ടില്ലെന്നുള്ള ആരോപണവും ശക്തമാണ്. ഇലക്ട്രിക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ളതും അതു പോലെ തന്നെ ദേശീയ പാതക്ക് സമീപം ചില രാഷ്ട്രീയ സംഘടനകളുടെ ബോർഡുകളും നീക്കം ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. നീക്കം ചെയ്തതിൽ ഭൂരിഭാഗവും പതിനായിരക്കണക്കിന് രൂപ വില വരുന്ന ബോർഡുകളാണ്. കാഴ്ച മറക്കുന്ന വിധത്തിൽ സ്ഥാപിച്ച ബോർഡുകൾ കാരണം റോഡപകടങ്ങൾ കൂടുന്നുണ്ടെങ്കിലും ഈ ബോർഡുകൾ പൂർണമായും നീക്കം ചെയ്യാത്ത അവസ്ഥയാണ്. മുൻ വർഷം വരെ കോർപ്പറേഷൻ നികുതി അടച്ചിരുന്നവർ ഇപ്പോഴും അടയ്ക്കാൻ തയാറായിരുന്നെങ്കിലും മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ താമസിയാതെ പൊളിക്കേണ്ടി വരുമെന്നതിനാലും പുതുക്കിയ തുക കൂടുതലായതിനാലും അടയ്ക്കാൻ മടിക്കുന്നവരുമുണ്ട്. കൂടാതെ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ പൊളിക്കാനിരിക്കെ തിടുക്കത്തിൽ ഇങ്ങനെ ഒരു നടപടി കച്ചവടക്കാരെ ദ്രോഹിക്കാനാണെന്നും അഭിപ്രായമുണ്ട്.
കഴക്കൂട്ടം പ്രദേശത്തെ അനധികൃത പരസ്യ ബോർഡുകൾ കോർപ്പറേഷൻ നീക്കം ചെയ്തു തുടങ്ങി





0 Comments