കഴക്കൂട്ടം: ദേശീയ പാത അടച്ചിടാതെ മേൽപ്പാലം പണിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം മേൽപ്പാലം പണി സംബന്ധിച്ചുള്ള അവലോകന യോഗം കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ വച്ച് ഇന്ന് (27/11/2019) നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷൻ മുതൽ സി.എസ്.ഐ മിഷൻ ആശുപത്രി വരെയുള്ള 1.8 കിലോമീറ്റർ മേൽ പാലത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളോനോടനുബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കഴക്കൂട്ടത്തെ പൊതു പ്രവർത്തകരെയും വ്യാപാരി നേതാക്കളെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും ഉൾപ്പെടുത്തിക്കൊണ്ട് യോഗം ചേർന്നത്. എലിവേറ്റഡ് ഹൈവേയ്ക്ക് രണ്ടാം ഘട്ടം ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ടെക്നോപാർക്ക് മുതൽ സി.എസ്.ഐ മിഷൻ ആശുപത്രി വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ പണികൾ പുരോഗമിച്ചു വരുകയാണ്. സ്ഥലം ഏറ്റെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കഴക്കൂട്ടം മുതൽ സി.എസ്.ഐ മിഷൻ വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുത്തു താത്കാലിക സർവീസ് റോഡ് നിർമ്മിച്ച് ഗതാഗത സൗകര്യം ഒരുക്കിയ ശേഷം രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. ഭൂമി ഏറ്റെടുക്കുമ്പോൾ വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ഇടിച്ചു മാറ്റുന്നവർക്കായുള്ള വ്യവസ്ഥകൾ പരമാവധി ലഘൂകരിക്കും. നഷ്ട പരിഹാരത്തിനായി 49 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ തുക എൻ.എച്ച് ലാൻഡ് അക്വസിഷൻ വകുപ്പിന് കൈമാറും. തുടർന്ന് ഭൂ ഉടമകൾക്ക് നോട്ടീസ് നൽകി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന്റെ എൻ.എച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രം ദേവ പ്രശ്നം നടത്തി ഉചിതമായ സ്ഥലത്തു മാറ്റി സ്ഥാപിക്കും. ഗതാഗതം പൂർണമായി നിർത്തി വച്ചു കൊണ്ട് പണികൾ നടത്തുവാനുള്ള ദേശീയ പാത അതോറിറ്റിയുടെ തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നിർത്തി വച്ചു. കടകൾക്കും യാത്രക്കാർക്കും അസൗകര്യം ഉണ്ടാകാത്ത തരത്തിൽ ഗതാഗത സൗകര്യം ഒരുക്കിയും എന്നാൽ റോഡ് വികസനത്തിന് തടസമുണ്ടാകാതെ പദ്ധതി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ ആർ.അനിൽകുമാർ, തഹസിൽദാർ, എൻ.എച്ച് ഉദ്യോഗസ്ഥർ, കഴക്കൂട്ടം മഹാദേവ ക്ഷേത്രം ഭാരവാഹികൾ, ഫ്രാക് ജനറൽ സെക്രട്ടറി ആർ.ശ്രീകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കഴക്കൂട്ടത്ത് ദേശീയപാത അടച്ചിടാതെ മേൽപ്പാലം പണിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ





0 Comments