കിളിമാനൂർ: കാരേറ്റ് ഓട്ടോ റിക്ഷയിൽ യുവതിക്ക് സുഖപ്രസവം. കൊടുവഴന്നൂർ കുളത്തുംകര വീട്ടിൽ അജിതയാണ് ഓട്ടോറിക്ഷയിൽ വച്ച് പെൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ 4.45 ന് പൊയ്കക്കടയിൽ വച്ചാണ് പ്രസവം നടന്നത്. തുടർന്ന് അമ്മയേയും കുഞ്ഞിനേയും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സിമൻറ് പണിക്കാരനായ മഹേഷിന്റെ ഭാര്യയാണ് അജിത. രണ്ടാമത്തെ പ്രസവമായിരുന്നു അജിതയുടേത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രസവത്തിനുള്ള ചികിത്സ തേടിയിരുന്നത്. തലേദിവസവും ഇവർ താലൂക്ക് ആശുപത്രിയിൽ എത്തുകയും പരിശോധനയ്ക്ക് ശേഷം അഡ്മിറ്റാകാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും തയ്യാറെടുപ്പുകൾ ഇല്ലാതിരുന്നതിനാൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ പ്രസവവേദന വന്നതോടെ സുഹൃത്തായ സുജിത്തിന്റെ 'അച്ചൂട്ടൻ' എന്ന ഓട്ടോ വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്ക് യാത്ര പുറപ്പെട്ടു. എന്നാൽ യാത്രാ മധ്യേ പ്രസവ വേദന കലശലാവുകയും ഓട്ടോ വഴിയരികിൽ ഒതുക്കി നിർത്തുകയായിരുന്നു. മിനിട്ടുകൾക്കുള്ളിൽ പ്രസവം നടക്കുകയും ചെയ്തു. തുടർന്ന് അമ്മയേയും കുഞ്ഞിനേയും കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുണർതം നാളിൽ പിറന്ന പെൺകുഞ്ഞും അജിതയും സുഖം പ്രാപിച്ചു വരുന്നു.
കിളിമാനൂർ കാരേറ്റ് ഓട്ടോ റിക്ഷയിൽ യുവതിക്ക് സുഖപ്രസവം





0 Comments