കൊച്ചി:പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി എട്ട് മാസം മുമ്പ് കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14-ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് ജല അതോറിറ്റി കുഴിയെടുത്തതെന്ന് മാധ്യമ വാർത്തകളിൽ പറയുന്നു. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളിലുണ്ട്.
ജല അതോറിറ്റിയുടെ കുഴിയിൽ വീണ് മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു





0 Comments