/uploads/news/210-49432707_1979954212125704_1431127358370217984_o.jpg
Local

ടെക്നോപാർക്ക് മേഖലയിൽ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന.


കഴക്കൂട്ടം: ടെക്നോപാർക്ക് പ്രദേശത്തെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ തിരുവനന്തപുരം നഗരസഭാ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം ഉൾപ്പെടെ വൃത്തിഹീനമായ പരിസരം കണ്ടെത്തുകയും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ ടെക്നോപാർക്ക് പരിസരത്തെ വനിതാ ഹോസ്റ്റലുകളിലെ റൂമുകളിൽ കൂടുതൽ പേരെ പാർപ്പിച്ചിട്ടുള്ളതായും, ഹോസ്റ്റൽ പരിസരം വൃത്തിഹീനമായും കണ്ടെത്തി. പരിശോധന നടത്തിയ ഹോട്ടലുകൾ, ബേക്കറികൾ, ഹോസ്റ്റലുകൾ എന്നിവയിൽ ഒരിടത്തും മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും കണ്ടെത്തി. ഭക്ഷണം പാചകം ചെയ്യുന്നതിന് കിണർ വെള്ളവും കുഴൽക്കിണർ വെള്ളവുമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ഗുണമേൻമാ പരിശോധനയ്ക്കയക്കുന്നതിനും തീരുമാനിച്ചു. ടെക്നോപാർക്ക് പരിസരത്തെ 5 ഹോട്ടലുകൾ 3 ബേക്കറികൾ 3 ഹോസ്റ്റലുകൾ എന്നിവ കൂടാതെ കൂൾബാറുകളിലും പരിശോധന നടത്തി. വീഴ്ച കണ്ടെത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കഴിഞ്ഞയാഴ്ച്ച ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടർന്ന് ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള നൂറോളം ജീവനക്കാരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞതിനു ശേഷം ജീവനക്കാരിൽ കടുത്ത ഛർദിയും വയറിളക്കവും പിടിപെടുകയായിരുന്നു. ടെക്നോപാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ക്യാന്റീനിൽ നിന്നും ടെക്നോപാർക്കിന്റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച വിവിധ കമ്പനികളിലെ ജീവനക്കാർക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.പൈപ്പ് വെള്ളത്തിൽ നിന്നുമാണ് ഭക്ഷ്യ വിഷ ബാധയേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചിട്ടും രണ്ട് ദിവസമായിട്ടും ഇവിടെ പരിശോധന നടത്തിയിട്ടില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഭക്ഷ്യ വിഷബാധയുടെ ഉറവിടം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനായ പ്രതിധ്വനി മേയർ വി.കെ പ്രശാന്തിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് മേയറുടെ നിർദേശ പ്രകാരമാണ് നഗരസഭാ ഹെൽത്ത് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർമാരായ അലക്സാണ്ടർ, അജിത്കുമാർ, പ്രകാശ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈജു, അനിൽ എന്നിവർ പങ്കെടുത്തു. നിയമാനുസൃതമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചു.

ടെക്നോപാർക്ക് മേഖലയിൽ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന.

0 Comments

Leave a comment