/uploads/news/1951-IMG-20201023-WA0019.jpg
Local

തുമ്പ, സെൻ്റ് സേവിയേഴ്സ് കോളേജ് സംരക്ഷണ സമിതി സൂചനാ സത്യഗ്രഹം നടത്തി


കഴക്കൂട്ടം: തുമ്പ, സെൻ്റ് സേവിയേഴ്സ് കോളേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശക്തമായ സത്യഗ്രഹ സമരം അരങ്ങേറി. അഡ്മിഷൻ്റെ പേരിൽ കോളേജ് മാനേജ്മെൻ്റ് വൻതുക കോഴ വാങ്ങുന്നതിന് എതിരെയാണ് ഇന്നലെ കോളേജിൻ്റെ പ്രവേശന കവാടത്തിൽ സൂചനാ സത്യഗ്രഹം നടന്നത്. ഈ കോവിഡ് കാലത്ത് ജനങ്ങളുടെ ദുരിതങ്ങൾ മുൻനിർത്തി ഈ വർഷം പണം വാങ്ങരുതെന്ന് കാട്ടി കോളേജ് പി.ടി.എയും സംരക്ഷണ സമിതിയും നേരത്തേ മാനേജ്മെൻ്റിന് നിവേദനം നൽകിയിരുന്നു. രാവിലെ പത്തിന് ആരംഭിച്ച സമരം എച്ച്.പി.ഷാജി ഉദ്ഘാടനം ചെയ്തു. കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ കൊളളയും കെട്ടിടം പണികളുടെ മറവിൽ നടക്കുന്ന അഴിമതികളെക്കുറിച്ചും അദ്ദേഹം ആരോപണമുന്നയിച്ചു. തീരദേശത്തിന് വേണ്ടി സമുദായ ആചാര്യന്മാർ വിഭാവനം ചെയ്ത ഈ കലാലയത്തിൽ വന്ന് അവരുടെ പക്കൽ നിന്നും ഒരു ദാക്ഷിണ്യവുമില്ലാതെ കോഴ വാങ്ങുന്നത് ഒരു കാരണവശാലും അനുവദിച്ചു കൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി.എ പ്രസിഡണ്ട് ക്ലൈനസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ. പയസ് വാച്ചാപറമ്പിലിൻ്റെ ധിക്കാര പരമായ പെരുമാറ്റവും തീരദേശ വാസികളോടുള്ള നിന്ദയും ക്ലൈനസ് തൻ്റെ പ്രസംഗത്തിലുടനീളം എടുത്തു പറഞ്ഞു. കഴിഞ്ഞ ദിവസം കോളേജ് ഉപരോധം സംഘടിപ്പിച്ചിട്ടും നിലപാടിൽ മാറ്റം വരുത്താത്ത മാനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു സൂചനാ സത്യഗ്രഹം സംഘടിപ്പിയ്ക്കേണ്ടി വന്നതെന്ന് തൻ്റെ സ്വാഗത പ്രസംഗത്തിലൂടെ എസ്.എൻ.റോയ് വ്യക്തമാക്കി. അഡ്വ. സ്റ്റീഫൻ ഗോമസ്, ഫ്രാങ്ക്ളിൻ ഗോമസ്, ആൻ്റണി ജോർജ്ജ്, അനു ഏണസ്റ്റ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഇഗ്നേഷ്യസ് ലൂയിസ് കൃതജ്ഞത പറഞ്ഞു.

തുമ്പ, സെൻ്റ് സേവിയേഴ്സ് കോളേജ് സംരക്ഷണ സമിതി സൂചനാ സത്യഗ്രഹം നടത്തി

0 Comments

Leave a comment