https://kazhakuttom.net/images/news/news.jpg
Local

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നടപടി


തിരുവനന്തപുരം: ഫുഡ് സപ്ല്ളിമെന്റ് വിഭാഗത്തിൽ വിപണനാനുമതി നേടിയ ശേഷം, പ്രമേഹം, കൈകാൽ വേദന, ലൈംഗിക ശേഷി കുറവ് എന്നിവ പരിഹരിക്കും എന്ന രീതിയിൽ പരസ്യം നൽകി വിപണനം ചെയ്തു വന്ന ജാമുൻ ക്യാപ്സ്യൂൾ, ഗ്ലുക്കോസമൈൻ ക്യാപ്സ്യൂൾ എന്നിവയ്ക്കെതിരെ തിരുവനന്തപുരം ഫുഡ് ആൻഡ് സേഫ്റ്റി അസി. കമ്മീഷണറുടെ കാര്യാലയം നടപടി സ്വീകരിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് ആക്റ്റ് 2006, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസ് 2011 എന്നീ നിയമങ്ങളിലെ വകുപ്പുകൾ പ്രകാരം ഈ പരസ്യങ്ങൾ നിയമ വിരുദ്ധമെന്നു കണ്ടെത്തുകയും തുടർന്ന് പ്രസ്തുത ഉത്പന്നങ്ങളുടെ പരസ്യവും, വിപണനവും തടഞ്ഞു കൊണ്ടാണ് ഉത്തരവ് ഉണ്ടായത്. ബേ പ്രൈഡ് മാൾ എറണാകുളം ആണ് വിതരണക്കാർ. നിയമ വിരുദ്ധ ഔഷധ പരസ്യങ്ങൾക്ക് എതിരെയും, നിയമ വിരുദ്ധ ചികിത്സകൾക്ക് എതിരെയും പ്രവർത്തിക്കുന്ന ക്യാപ്സ്യൂൾ കേരള എന്ന കൂട്ടായ്മയുടെ പരാതിയിന്മേലാണ് നടപടി ഉണ്ടായത്. ഫുഡ് സപ്ല്ളിമെന്റ് എന്ന വിഭാഗത്തിൽ അനുമതി നേടിയ ശേഷം, വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി എന്ന രീതിയിൽ മാധ്യമങ്ങൾ വഴിയും, മൾട്ടി ലെവൽ മാർക്കറ്റിംഗ് വഴിയും വിപണനം ചെയ്യുന്ന പൊതുജനാരോഗ്യത്തിന് ഹാനികരമായിട്ടുള്ള നിരവധി ഉത്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇവയ്ക്കുള്ള അനുമതി ഫുഡ് കാറ്റഗറി വിഭാഗത്തിൽ ആയതിനാൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നടപടി എടുക്കുവാൻ പല പരിമിതികളും ഉള്ള സാഹചര്യത്തിൽ ആണ് ഈ ഉത്തരവ് ഉണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. അമിതമായ അവകാശ വാദങ്ങൾ നിരത്തി ആൾക്കാരുടെ അറിവില്ലായ്മ മുതലാക്കി കേരളത്തിന്റെ ആരോഗ്യ വ്യവസ്ഥയെ തകിടം മറിക്കുന്ന നിരവധി ആൾക്കാർ കേരളത്തിനകത്തും പുറത്തുമായി ഈ വ്യവസായത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരത്തിലുള്ള മറ്റ് പരസ്യങ്ങൾക്കും ഉടനെ പിടി വീഴും എന്നാണ് ഇൗ നടപടി സൂചിപ്പിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നടപടി

0 Comments

Leave a comment