https://kazhakuttom.net/images/news/news.jpg
Local

ദുരിതാശ്വാസ നിധിയിലേക്ക് പണത്തിനായി രുചി ഒരുക്കി ഡി.വൈ.എഫ്.ഐ... ദോശ ചുട്ട് മേയർ...


കഴക്കൂട്ടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഡി.വൈ.എഫ്.ഐ കാട്ടായിക്കോണം മേഖലാ കമ്മിറ്റി നാടൻ തട്ടുകട ആരംഭിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച തട്ടുകട മൂന്ന് ദിവസത്തേക്കാണ് പ്രവര്ത്തിക്കുക. ഇതിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. നാടിനൊരു കൈത്താങ്ങ് എന്ന പേരിൽ ആരംഭിച്ച തട്ടുകട മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. തട്ട് കടയിൽ ദോശ ചുട്ട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്തും പങ്കു ചേർന്നു. തെങ്ങുവിള ദേവീക്ഷേത്രത്തിന്റെ ഉത്സവക്കമ്മിറ്റി ഓഫീസിലാണ് തട്ടുകട ഒരുക്കിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്ത്തകരുടെ ഉദ്ദേശ ശുദ്ധി കണക്കിലെടുത്ത് ഉത്സവക്കമ്മിറ്റി ഓഫീസിൽ തട്ടുകട നടത്താൻ അമ്പലക്കമ്മിറ്റിക്കാർ അനുവദിക്കുകയായിരുന്നു. ദോശ, സാമ്പാർ, ചട്നി, മുളക് ചമ്മന്തി, ഓംലറ്റ്, കട്ടൻ ചായ എന്നിവയാണ് വിഭവങ്ങൾ. ഡി.വൈ.എഫ്.ഐ നേതാവ് മനുലാൽ ആണ് തട്ടുകടയിലെ പ്രധാന പാചകക്കാരൻ. ഭക്ഷണം കഴിച്ചതിന് ശേഷം ബിൽ നല്കുന്ന രീതി ഇവിടെയില്ല. കഴിക്കാൻ വരുന്നവർ കടയിൽ സ്ഥാപിച്ചിട്ടുള്ള ബക്കറ്റിൽ ഇഷ്ടമുള്ള തുക നിക്ഷേപിച്ചാൽ മതിയെന്നും ഇനി കാശ് ഇല്ലെങ്കിലും കുഴപ്പമില്ലെന്നും ഡി.വൈ.എഫ്.ഐ കാട്ടായിക്കോണം മേഖല കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. മേഖല കമ്മിറ്റി അംഗങ്ങളുടെ കയ്യിൽ നിന്നും മുടക്കിയ പണം കൊണ്ടാണ് തട്ടുകട തുടങ്ങിയത്. ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തുന്നതിനൊപ്പം വിശക്കുന്നവന് ആഹാരം നല്കുക എന്നൊരു ലക്ഷ്യം കൂടി ഈ തട്ടുകട കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നു. നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിതിയിലേക്ക് സംഭാവനകൾ നൽകരുത് എന്ന തെറ്റായ പ്രചരണത്തിന് എതിരെയുള്ള ഒരു സന്ദേശം കൂടിയാണ് ഈ നാടൻ തട്ടുകട എന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് പണത്തിനായി രുചി ഒരുക്കി ഡി.വൈ.എഫ്.ഐ... ദോശ ചുട്ട് മേയർ...

0 Comments

Leave a comment