പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ഷൈനിയെ യു.ഡി.എഫ് അംഗങ്ങൾ ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും, അധികാര ദുർവിനിയോഗത്തിനും കൂട്ടു നില്ക്കുന്നു എന്നാരോപിച്ചാണ് ഉപരോധം. ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.എസ്.കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. അംഗങ്ങൾക്ക് രേഖാ മൂലം കമ്മിറ്റി നോട്ടീസ് നൽകാതെ കമ്മിറ്റി കൂടുകയും, യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടി മൂന്ന് യു.ഡി.എഫ് അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. മൈതാനി ഡിവിഷൻ അംഗം അഡ്വ. അൽതാഫിനും, അണ്ടൂർകോണം ഡിവിഷൻ അംഗം ജലജ കുമാരിക്കുമെതിരെയും തുടർച്ചയായ അഞ്ചു മാസത്തെ കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്ന തുമ്പ ഡിവിഷൻ അംഗം ജോളി പത്രോസിനുമെതിരെയാണ് അയോഗ്യരാക്കിയതായി കാണിച്ചു കൊണ്ട് നോട്ടീസ് നൽകിയിരുന്നത്. ഈ നടപടി മണിക്കൂറുകൾക്കകം തന്നെ ഇലക്ഷൻ കമ്മിഷൻ റദ്ദ് ചെയ്യുകയും ചെയ്തു. കമ്മിറ്റികൾ യഥാസമയം കൂടാതെ കമ്മിറ്റി കൂടിയതായി വ്യാജരേഖകൾ ചമച്ച് നിരവധി തീരുമാനങ്ങൾ എടുത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ വകുപ്പ് സെക്രട്ടറി അടക്കം പരാതി നൽകിയിട്ടുണ്ട്. മാസങ്ങളായി ഇവിടെ ജനറൽ കമ്മിറ്റികൾക്ക് മുന്നോടിയായി സ്റ്റിയറിങ് കമ്മിറ്റി കൂടുകയോ, ഐ.എസ്.ഒ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പർച്ചേസ് കമ്മിറ്റി കൂടുകയോ ചെയ്യാതെ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ വാങ്ങിക്കൂട്ടിയതിനെതിരെ വിജിലൻസിൽ പരാതി കൊടുക്കുമെന്ന് യു ഡി എഫ് പറഞ്ഞു. നിലവിലെ പ്രസിഡന്റ് ഷാനിബാ ബീഗം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതയെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം ഉപയോഗിക്കരുതെന്നുള്ള കമ്മീഷന്റെ നിർദ്ദേശം കാറ്റിൽ പറത്തി വാഹനം ഉപയോഗിക്കുന്നതിന് ബി.ഡി.ഒ ഒത്താശ ചെയ്യുന്നതായും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ബി.ഡി.ഒയെ ഉപരോധിച്ച യു.ഡി.എഫ് അംഗങ്ങളായ അഡ്വ.എസ്.കൃഷ്ണ കുമാർ, അഡ്വ.അൽത്താഫ്, എസ്.വസന്തകുമാരി, ജോളി പത്രോസ്, കുന്നുംപുറം വാഹിദ്, എസ്.ജലജ കുമാരി എന്നിവരെ ഉച്ചയോടെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത അംഗങ്ങളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ് അംഗങ്ങൾ ഉപരോധിച്ചു





0 Comments