/uploads/news/2132-ei15DWU26491.jpg
Local

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം താളംകൊട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസ്.


കഴക്കൂട്ടം: താളമേളങ്ങളുടെ മാസ്മര ലഹരിയിൽ താളം കൊട്ടാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും കൂടി ചേർന്നതോടെ ആവേശച്ചിറകിലേറി കഴക്കൂട്ടം ചന്തവിള, മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ ചെണ്ടയും കൈത്താളവും ഡ്രംസെറ്റും കീബോർഡുമൊക്കെയായി ഭിന്നശേഷിക്കുട്ടികൾ ഉപകരണ സംഗീതം പരിശീലിക്കുന്നതിനിടെയാണ് മന്ത്രി ഇവിടെ സന്ദർശനത്തിനായെത്തിയത്. കുട്ടികളുടെ പരിശീലനത്തിൽ നിന്നുതിർന്നു വീണ വിസ്മയ സംഗീതത്തിന്റെ ലഹരിയിൽ മന്ത്രി കൂടി അവരോടൊപ്പം ചേർന്നു കൈത്താളം കൊട്ടി. ഇതിനിടെ ഡിഫറൻ്റ് ആർട്സ് സെൻ്ററിലെ കുട്ടികളെ ചിത്രകല അഭ്യസിപ്പിക്കുന്ന സനൽ.പി.കെ വരച്ചതും ഭിന്നശേഷിക്കാരനായ ഒരു കുട്ടി വരച്ചതുമായ മന്ത്രി മുഹമ്മദ് റിയാസിൻ്റ തന്നെ ചിത്രങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചു. കൂടാതെ അവിടെ പരിശീലനം ചെയ്യുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ നിർമ്മിച്ച ഒരു കണ്ണാടിയും സ്നേഹ സമ്മാനമായി നൽകി. കുട്ടികളുടെ മാജിക്കും, ഡാൻസും, പാട്ടും ആസ്വദിച്ച മന്ത്രി ഭിന്നശേഷി കുട്ടികളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും എല്ലാവർക്കും അഭിനന്ദനങ്ങൾ ചൊരിയുകയും ചെയ്തു. ഭിന്നശേഷിക്കുട്ടികൾക്കായി മാജിക് അക്കാദമി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ - എ ഡേ വിത്ത് സ്പെഷ്യൽ ടാലന്റ്സ് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. കഠിനാധ്വാനവും നിശ്ചയ ദാർഢ്യവും ഒത്തു ചേർന്നപ്പോൾ ഭിന്നശേഷിക്കുട്ടികൾക്ക് ലോക മാതൃകയായി ഡിഫറന്റ് ആർട്ട് സെന്റർ എന്ന ആശ്രയ കേന്ദ്രമുണ്ടായെന്ന് സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിനപ്പുറത്താണ് ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനം. കോവിഡിൻ്റെ സാഹചര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും സാഹചര്യം മാറി വരുന്നതിനനുസരിച്ച് ഏതൊക്കെ നിലയിൽ വിപുലീകരിക്കാൻ സാധിക്കുമോ അതെല്ലാം തന്നെ ടൂറിസം വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡിഫറന്റ് ആർട്സ് സെന്റർ സന്ദർശിക്കുന്ന ആർക്കും വാക്കുകൾക്കതീതമായ ഒരു നവ്യാനുഭവമാണ് ലഭിക്കുന്നതെന്നും മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാണ് ഗോപിനാഥ് മുതുകാടിന്റെ സാരഥ്യത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.പി കെ.മുഹമ്മദ് ഷാഫി.കെ, മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, പങ്കെടുത്തു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം താളംകൊട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസ്.

0 Comments

Leave a comment