കഴക്കൂട്ടം: ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടിയായ എല്‍ദോ കുര്യാക്കോസ് അഭിനയിച്ച "എല്‍ദോ" എന്ന പേരിൽ തന്നെ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ റിലീസ് മറ്റന്നാൾ (വ്യാഴം) വൈകുന്നേരം 5:00 മണിക്ക് നടക്കും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര നിര്‍മാതാവും ഗോകുലം ഗ്രൂപ്പ് ഓഫ് ചെയര്‍മാനുമായ ഗോകുലം ഗോപാലന് ചിത്രത്തിന്റെ റിലീസ് നിര്‍വഹിക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് പ്രജേഷ് സെന്‍ മുഖ്യാതിഥിയാകും. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ആമുഖ പ്രഭാഷണം നടത്തും.
ഹ്രസ്വചിത്രത്തിലെ അഭിനേതാക്കളായ എല്‍ദോ കുര്യാക്കോസ്, ടോണി, സ്വപ്ന പിള്ള, നിധരാധ, മായ, മുരളി കൊടുങ്ങല്ലൂര്‍, ഔസേപ്പച്ചന്, പരീദ്, ബാലതാരം ദേവദേവന്, നിര്‍മാതാവ് അലന്, അസോസിയേറ്റ് ഡയറക്ടര്‍ രഘു ഒറ്റപ്പാലം, സംഗീത സംവിധായകന് അജി സരസ്, ഗാനരചയിതാവ് ജിബി പാലയ്ക്കല്ത്താഴ, ഗായിക ശരണ്യ, എഡിറ്റര്‍ ക്രിസ്റ്റി ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ മാനേജര്‍ ശ്രീജിത്ത് ജിതപ്പന് എന്നിവര്‍ പങ്കെടുക്കും.
ഹ്രസ്വ ചിത്ര സംവിധായകന് ജോബി കൊടകര സ്വാഗതവും എല്‍ദോയുടെ അമ്മ സിനി കുര്യാക്കോസ് നന്ദിയും പറയും. 21 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ഭിന്നശേഷിക്കുട്ടിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് വരച്ചു കാട്ടുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ എല്‍ദോ മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. മിമിക്രിയിലും നൃത്തത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അതുല്യ പ്രതിഭയായ എല്‍ദോ കുര്യാക്കോസ് 2019 മുതല്‍ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ തന്റെ മികച്ച കഴിവ് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചു വരികയാണ്.
ഭിന്നശേഷിക്കുട്ടിയായ എല്‍ദോ കുര്യാക്കോസിൻ്റെ എല്‍ദോ - ഷോര്‍ട്ട് ഫിലിം മറ്റന്നാൾ റിലീസ്





0 Comments