കഴക്കൂട്ടം: ഭിന്നശേഷിക്കുട്ടികള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കുവാന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റില്‍ ഒരുക്കുന്ന ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തറക്കല്ലിട്ടു. ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന് ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് വലിയൊരു പങ്കുവഹിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികള്‍ മാജിക് അക്കാദമിയുമായി സഹകരിച്ച് ആവിഷ്‌കരിക്കും. ഇത്തരമൊരു സംരംഭം ലോകത്തിന് മാതൃകയാണെന്നും ഇതിന്റെ സാക്ഷാത്കാരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് മുതുകാട് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാജിക് പ്ലാനറ്റില്‍ സ്ഥിരമായി ഇന്ദ്രജാലം അവതരിപ്പിക്കുന്ന ഭിന്നശേഷിക്കുട്ടികളുടെ മാനസിക നിലവാരത്തില്‍ തന്നെ ഗണ്യമായ പുരോഗതിയുണ്ടെന്ന് കേരള സര്‍ക്കാരിന് കീഴിലുള്ള ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുക്കുവാനും അവരുടെ കഴിവുകള്‍ വെളിച്ചത്തു കൊണ്ടു വരുവാനുമായി ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. പദ്ധതി ഒക്‌ടോബര്‍ 31ന് നാടിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, യു.എന്‍ റിക്കവറി കോ-ഓര്‍ഡിനേറ്റര്‍ ജോബ് സക്കറിയ, സി.ഡി.സി ഡയറക്ടര്‍ ഡോ.ബാബു ജോര്‍ജ്, കെ.എസ്.എസ്.എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍, മാജിക് അക്കാദമി ഡയറക്ടര്‍മാരായ ചന്ദ്രസേനന്‍ മിതൃമ്മല, ആര്‍.രാജമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍, യുനിസെഫ് എന്നിവരുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതോടെ ലോകത്തെവിടെയുമുള്ള ഭിന്നശേഷി കലാവതാരകര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാര്‍ക്ക് ഇത്തരമൊരു സെന്റര്‍ ഒരുങ്ങുന്നത്. ഭിന്നശേഷിക്കുട്ടികള്‍ക്ക് കലാവതരണം നടത്തുന്നതിന് 6 വേദികളാണ് ക്രമീകരിക്കുന്നത്. റെഡ് ഫോര്‍ട്ട്, വിമാനം, മാജിക് ഓഫ് നാച്വര്‍, മരം, കല്‍മണ്ഡപം, നാലുകെട്ട് എന്നീ മാതൃകകളിലാണ് വേദികള്‍ നിര്‍മിക്കുന്നത്. തികച്ചും ഭിന്നശേഷി സൗഹൃദപരമാണ് ഈ വേദികള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തുന്ന ടാലന്റ് ഡിസ്‌പ്ലേ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കുന്ന 100 കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ നല്‍കി ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ പെര്‍ഫോര്‍മന്‍സിനുള്ള അവസരം നല്‍കും. നൃത്തം, സംഗീതം, ചിത്രരചന, കരകൗശല നിര്‍മാണം തുടങ്ങിയ നിരവധി മേഖകളില്‍ അസാമാന്യ കഴിവു തെളിയിച്ചിട്ടുള്ള ഇവര്‍ക്ക് കലാവതരണത്തിനുള്ള വേദി നല്‍കുന്നതിനോടൊപ്പം ഇവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടായിരിക്കും. ശാസ്ത്രീയമായ പരിശീലന പരിപാടികളായിരിക്കും സംഘടിപ്പിക്കുക. ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൗണ്‍സിലേര്‍സ്, സ്‌പെഷ്യല്‍ അധ്യാപകര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.
മാജിക് പ്ലാനറ്റില് ഡിഫറന്റ് ആര്ട്സ് സെന്ററിന് മന്ത്രി കെ.കെ ശൈലജ ടീച്ചര് തറക്കല്ലിട്ടു





0 Comments