പെരുമാതുറ: മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളുമായി റോഡ് കൈയ്യടക്കിക്കൊണ്ടുള്ള മത്സ്യ മൊത്തവ്യാപാരത്തിനെതിരെ പെരുമാതുറയിൽ ശക്തമായ പ്രതിഷേധം . പെരുമാതുറ പൗരാവലിയുടെ നേതൃത്വത്തിലാണ് മത്സ്യ കച്ചവട ലോബിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ സഹായത്തോടെയാണ് പെരുമാതുറയിൽ നിന്നും കൊട്ടാരം തുരുത്തിലേക്ക് പോകുന്ന റോഡ് മത്സ്യ കച്ചവട ലോബി കൈയ്യേറി മത്സ്യ വ്യാപാരം നടത്തുന്നത്. ട്രോളിംഗ് നിരോധനവും ഒപ്പം കടൽ ക്ഷോഭവും തുടങ്ങിയതോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും മാസങ്ങൾ പഴക്കമുള്ള രാസ പദാർത്ഥങ്ങൾ ചേർത്ത മത്സ്യങ്ങളുടെ വരവ് അധികരിച്ചത്. ഇത്തരം മത്സ്യങ്ങൾ നിരവധി ലോറികളിലായാണ് പെരുമാതുറയിലും എത്തിക്കൊണ്ടിരിക്കുന്നത്. പുലർച്ചെ 4 മണിയോടെ തുടങ്ങുന്ന മൊത്തക്കച്ചവടം രാവിലെ 10 മണി വരെ നീളും. ഈ മത്സ്യം വാങ്ങാനായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 100 കണക്കിന് ചില്ലറ മത്സ്യ കച്ചവടക്കാരാണ് ഇവിടെ എത്തുന്നത്. മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസ്സപ്പെടുത്തി കൊണ്ടുള്ള ഈ രീതി പ്രദേശമാകെ മലിനവും ദുർഗന്ധ പൂരിതവും ആക്കിയിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ ഭീഷണിയും കൈയ്യേറ്റ ശ്രമവും പതിവാണ്. കോവിഡ് വ്യാപനത്തിനെതിരെ സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് നൂറ് കണക്കിന് ചെറുതും വലുതുമായ മത്സ്യ വ്യാപാരികൾ ഇവിടെ കൂട്ടം കൂടുന്നത്. എന്നാൽ നിരവധി തവണ പഞ്ചായത്തിനെയും, ആരോഗ്യ വകുപ്പിനേയും പോലീസിനെയും വിവരം അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂടാതെ പ്രദേശത്ത് സർക്കാർ - സ്വകാര്യ സ്ക്കൂളുകൾ, സർക്കാർ - സ്വകാര്യ ആശുപത്രികൾ, ബാങ്കുകൾ, ഒട്ടനവധി വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്ന ഈ മേഖല നിലവിൽ മാലിന്യം ഒഴുകുന്ന ദുർഗന്ധ പൂരിതമായ അവസ്ഥയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് പെരുമാതുറ പൗരാവലി ഇന്നലെ രാവിലെ മത്സ്യവുമായി എത്തിയ ലോറികൾ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. എത്രയും വേഗം അധികാരികൾ ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൾ ശക്തമായ പ്രതിഷേധം വ്യാപിക്കാനുള്ള തീരുമാനത്തിലാണ് പെരുമാതുറ പൗരാവലി.
മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളുമായി റോഡ് കൈയ്യടക്കി മൊത്ത വ്യാപാരം. പെരുമാതുറയിൽ ശക്തമായ പ്രതിഷേധം





0 Comments