പെരുമാതുറ: ഹാർബർ എൻജിനീയറിംഗ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സന്ദർശിച്ചു. അഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലെ പുരോഗതി വിലയിരുത്തുവാനായാണ് സംഘമെത്തിയത്. അഴിമുഖ ചാലിലെ മണൽ നീക്കം മന്ദഗതിയിലായത് മത്സ്യബന്ധനത്തെ ബാധിച്ചിരുന്നു.
അഴിമുഖത്ത് നിർദ്ദേശിച്ചിട്ടുള്ള 6 മീറ്റർ താഴ്ച വേണ്ടിടത്തു പല ഭാഗങ്ങളിലും മണൽതിട്ടകൾ രൂപപ്പെട്ടു 2 മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. ഒരു എക്സവേറ്ററുപയോഗിച്ചാണ് ഇപ്പോൾ മണൽ നീക്കം നടക്കുന്നത്. അഴിമുഖ ചാലിൽ നിന്നും മണൽ നീക്കം ചെയ്യുവാനായി ബാർജ്ജ് ലോഡിങ്ങിന് മൂന്ന് മണിക്കൂറോളമാണ് വേണ്ടിവരുന്നത്, ഇതിനാൽ കൂടുതൽ ബാർജ്ജ് എത്തിച്ച് സമയനഷ്ടം ഒഴിവാക്കുവാനാണ് ആദ്യശ്രമം. ഇതിനായി നിലവിലുള്ള ബാർജ് കൂടാതെ ഒരു ബാർജ്ജ് കൂടി എത്തിച്ചു മണൽ നീക്കം വേഗത്തിലാക്കാൻ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ അദാനി ഗ്രൂപ്പ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.
2,000 ക്യുബിക് മീറ്റർ മണൽ ദിവസവും നീക്കണം ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി മണ്ണുമാന്തിയുടെ ബക്കറ്റ് സൈസ് കൂട്ടുവാനും, നീക്കം ചെയ്യുന്ന മണൽ താഴമ്പള്ളി ഭാഗത്ത് തീരത്തോട് ചേർത്ത് നിക്ഷേപിക്കുവാനുമാണ് തീരുമാനം. അതെ സമയം മണൽ നീക്കുന്നതിനുള്ള ഡ്രഡ്ജർ എത്തിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണനയിൽ വന്നില്ല. എക്സ്കവേറ്റർ ഫലപ്രദമല്ലെങ്കിൽ ഡ്രഡ്ജർ പരിഗണിക്കാമെന്നാണ് ഉന്നതസംഘം അറിയിച്ചത്. അടുത്തയാഴ്ച സംഘം വീണ്ടും തുറമുഖം സന്ദർശിക്കും..
ഹാർബർ വകുപ്പ് ചീഫ് എഞ്ചീനിയർ മുഹമ്മദ് അൻസാരി, സുപ്രണ്ടിംഗ് എഞ്ചീനിയർ കുഞ്ഞുമമ്മു പറവത്ത്, എക്സിക്യൂട്ടീവ് എഞ്ചീനീയർ അനിൽകുമാർ, അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഓഫീസർ സുനിൽ കുമാർ, അദാനി പ്രതിനിധി ഹെബിൻ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ പ്രവീൺ ആർ.വി, ഹരികുമാർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ വല്ലെരിയൻ ഐസക്ക്, നജീബ് തോപ്പിൽ, ലാസർ താഴംപള്ളി തുടങ്ങിയവർ സന്ദർശന വേളയിൽ പങ്കെടുത്തു
മണൽ നീക്കുന്നതിനുള്ള ഡ്രഡ്ജർ എത്തിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണനയിൽ വന്നില്ല





0 Comments