തിരുവനന്തപുരം: വഖഫ് സംബന്ധിച്ച വിവാദ പരാമർശത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ട്വന്റിഫോർ ന്യൂസിലെ മാധ്യമപ്രവർത്തകൻ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയിൽ ഉദ്ഘാടകനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെ വഖഫ് പരാമർശത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നു. പരിപാടിയ്ക്ക് ശേഷമാണ് പ്രതികരണം തേടിയത്. എന്നാൽ ഒന്നും മിണ്ടാതെ കടന്നു പോകുകയായിരുന്നു. ഇതിന് ശേഷം ട്വന്റിഫോർ റിപ്പോർട്ടറെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ച് അപമര്യാദയായി പെരുമാറുകയും ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചു തരാമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു.
സുരേഷ് ഗോപിയുടെ നടപടി അങ്ങേയറ്റം അപലപനീയം ആണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു. ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്ന് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി വിളിച്ചു വരുത്തി പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും അവഹേളനവുമാണ്. കേന്ദ്രമന്ത്രിയിൽ നിന്നുള്ള ഈ പ്രതികരണം ജനാധിപത്യ മര്യാദയ്ക്ക് ഭൂഷണമല്ല. മാധ്യമ പ്രവർത്തകർക്കു നേരെയുള്ള ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി പദവിക്കു യോജിച്ച തിരുത്തലിനു തയാറാകണം എന്നും കെയുഡബ്ല്യുജെ പ്രസ്താവനയിൽ പറഞ്ഞു.
സുരേഷ് ഗോപിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു.
0 Comments