കിളിമാനൂർ: കാരേറ്റിലും പരിസര പ്രദേശങ്ങളിലും കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. കാരേറ്റ് പുലിക്കോണത്തു വീട്ടിൽ ശശി കുമാറിന്റെ വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു. ശശി കുമാറിന്റെ വീടിനു സമീപത്തായി നിന്ന പഞ്ഞി മരമാണ് കടുത്ത കാറ്റിലും മഴയിലും പെട്ട് മറിഞ്ഞു വീണത്. സംഭവ സമയം ഫയർ ഫോഴ്സിനെ വിവരമറിയിച്ചെങ്കിലും മഴയിലുണ്ടായ നാശങ്ങളെത്തുടർന്നുള്ള തടസം മൂലം വീടിനു സമീപത്തേക്കെത്താൻ കഴിഞ്ഞിരുന്നില്ല. അപകടം നടക്കുമ്പോൾ ശശി കുമാറും ഭാര്യയും ചെറുമക്കളും മരുമകളും ഉൾപ്പടെ ആറു പേർ വീടിനുള്ളിലുണ്ടായിരുന്നു. ശശി കുമാറിന്റെ തലയ്ക്കും കൈക്കും, ചെറുമക്കളായ ശിവഗംഗ, സാരംഗി എന്നിവരുടെ തലയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാരേറ്റ് എം.സി റോഡിൽ മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി മരം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. കൂടാതെ പ്രദേശത്തെ നിരവധി വീടുകളുടെ മുകളിൽ മരം കടപുഴകി വീണിരുന്നു. ഇത് ജനങ്ങളെ വളരെയധികം പരിഭ്രാന്തരാക്കി. പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീടിനു മുകളിലേക്കു വീണു കിളിമാനൂരിൽ മൂന്ന് പേർക്ക് പരിക്ക്





0 Comments