പോത്തൻകോട്: ശാന്തിഗിരിയിൽ സൗജന്യ സ്ത്രീ രോഗ നിർണ്ണയ ആയുർവേദ ചികിത്സാ ക്യാമ്പ് നടന്നു. ആയുർവേദത്തിലെ സ്പെഷ്യാലിറ്റി ക്ലിനിക്ക് ജനങ്ങളിലേക്ക് എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ രൂപീകരിച്ച വനിതാ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആശ്രമം നവപൂജിതം 93 - ന്റെ ഭാഗമായി, ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് ഓർഗനൈസേഷനും ശാന്തിഗിരി വിദ്യാഭവൻ അദ്ധ്യാപക രക്ഷാകർതൃ സമിതിയും, ശാന്തിഗിരി മാതൃമണ്ഡലവും ക്യാമ്പിൽ സഹകരിച്ചു. പൂജപ്പുര ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ് മെറ്റേർണിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.അനിലയുടെ നേതൃത്വത്തിൽ സ്ത്രീ രോഗ വിദഗ്ധരായ 25 ലേഡി ഡോക്ടർമാരാണ് രോഗികളെ പരിശോധിച്ചത്. ആർത്തവം ഇല്ലായ്മ, ആർത്തവം ക്രമമല്ലാതിരിക്കുക, അമിത രക്തസ്രാവം, വയറു വേദന തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾക്കും, ഗർഭാശയ മുഴകൾ, വന്ധ്യത, തുടർച്ചയായുള്ള ഗർഭം അലസൽ, തുടങ്ങിയ ഗർഭാശയ സംബന്ധമായ രോഗങ്ങൾക്കും, പി.സി.ഒ.ഡി, വെള്ളപോക്ക്, അമിതവണ്ണം, അമിത രോമ വളർച്ച തുടങ്ങിയ മറ്റു രോഗങ്ങളുമാണ് സൗജന്യമായി പരിശോധിച്ചത്. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് മാണിക്കൽ ഗ്രാമപഞ്ചായത്ത് അംഗം എസ്. സുധർമണി ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ. എസ്.ആനന്ദ് അധ്യക്ഷനായിരുന്നു. ആർ.സഹീറത്ത് ബീവി, എ.എം.എ.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.ഡി.ലീന, ജില്ലാ സെക്രട്ടറി ഡോ.എൻ.എസ്.അഭിലാഷ്, ഡോ. വി.സുനിൽ കുമാർ, ഡോ. പി.എ.ഹേമലത, മുൻ പഞ്ചായത്ത് സെക്രട്ടറി എം.പി. പ്രമോദ്, ശാന്തിഗിരി വിദ്യാഭവൻ അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളായ സ്മിജേഷ്, വി. ജീന, വികേഷ് സി.പിള്ള എന്നിവർ സംസാരിച്ചു. ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് ഡോ. ബി.രാജ്കുമാർ സ്വാഗതവും, ശാന്തിഗിരി വിദ്യാഭവൻ അദ്ധ്യാപക രക്ഷാകർതൃ സമിതി സെക്രട്ടറി ബിന്ദു സുനിൽ നന്ദിയും പറഞ്ഞു.
ശാന്തിഗിരിയില്‍ സൗജന്യ സ്ത്രീ രോഗ നിർണ്ണയ ആയുർവേദ ക്യാമ്പ് നടന്നു





0 Comments