/uploads/news/1053-IMG-20191009-WA0007.jpg
Local

സന്യാസിമാര്‍ സ്വതന്ത്രമായ നിലപാടെടുക്കേണ്ടവര്‍ - സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി


പോത്തൻകോട്: മതത്തിനും രാഷ്ട്രിയത്തിനും അതീതമായി സമൂഹത്തിനു വേണ്ടി സ്വതന്ത്രമായ നിലപാടുകൾ എടുക്കേണ്ടവരാണ് സന്യാസിമാരും പുരോഹിതന്മാരുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. സന്യാസത്തേയും പൌരോഹിത്യത്തേയും പ്രത്യേകമതമെന്ന പേരിൽ കാണാനാവില്ല. പക്ഷപാതരഹിതമായി മനുഷ്യരുടെ വിഷയങ്ങളിൽ സന്യാസിമാർ ഇടപെടാൻ കഴിയണം. ശാന്തിഗിരി ആശ്രമത്തിൽ സന്യാസദീക്ഷയുടെ 35- വാർഷിക സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾക്ക് ആത്മീയവും പ്രചോദന പരവുമായ സന്ദേശങ്ങൾ നൽകുക എന്നതാണ് പുരോഹിതന്റെ പ്രധാന കടമ. സന്യാസത്തെ വലിപ്പം കൊടുത്തു കാണുവാൻ ജനങ്ങൾക്കും കഴിയണം. സന്യാസി ഭിക്ഷുവാണ് അവർ ഇരിക്കുന്നിടത്ത് എല്ലാം തനിയെ വരും. അനേക കാലത്തെ തപോബലം കൊണ്ട് ആർജിക്കുന്ന പുണ്യത്തിൽ നിന്നു വന്നു ചേരുന്നതാണ് സന്യാസം. ജീവിക്കാൻ വകയില്ലാതെ വരുമ്പോൾ ജീവിതം സന്യാസത്തിലേയ്ക്ക് തിരിച്ചു വിടുന്നവരേയും നൈരാശ്യം കൊണ്ടും ജീവിത വിരക്തി കൊണ്ടും സന്യാസം സ്വീകരിക്കുന്നവരേയും യഥാർത്ഥ സന്യാസിയെന്നു വിളിക്കാനാവില്ല. സന്യാസം നിയോഗമാണ്. ദൈവ വിളിയിൽ നിന്നും ഉളവാകുന്നതാണ്. സമൂഹത്തെ പരിവർത്തനപ്പെടുത്താൻ സ്വജീവിതം നിസ്വാർത്ഥമായി ഉഴിഞ്ഞു വെച്ചതാരോ അയാളാണ് സന്യാസി.അത് ഏത് മതത്തിലായാലും ഏതു വിശ്വാസത്തിലായാലും. സന്യാസിയോ പുരോഹിതനോ ആയാൽ ഒരാൾക്ക് പൂർവ്വാശ്രമവുമായി ബന്ധം പാടില്ലായെന്ന വാദം നിരർത്ഥകമാണ്. സന്യാസി ലോകത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ കുടുംബത്തിലുളളവർ ഉണ്ടാവണം. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മേഖലകളിൽ ആത്മീയ അനുഭൂതി നിലനിർത്താൻ പുരോഹിതന് കഴിയണം. രാഷ്ട്രിയമോ വർഗ്ഗീയമോ പക്ഷപാത പരമോ ആയ ഒരു കാഴ്ചപ്പാടുകളും സന്യാസിക്കുണ്ടാകാൻ പാടില്ല എന്നും സ്വാമിപറഞ്ഞു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി, ജോയിന്റ് സെക്രട്ടറി സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി, സ്വാമി സനേഹാത്മ ജ്ഞാനതപസ്വി, സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വി എന്നിവർ പങ്കെടുത്തു.

സന്യാസിമാര്‍ സ്വതന്ത്രമായ നിലപാടെടുക്കേണ്ടവര്‍ - സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

0 Comments

Leave a comment